കണ്ണൂർ: ആ ജ്വലിക്കുന്ന നക്ഷത്രം ഇനി ഓർമ്മകളിൽ മാത്രം. കോടിയേരി എന്ന സഖാവ് ഇന്ന് മുതൽ പ്രിയപ്പെട്ട സഖാക്കളായ, നായനാര്‍ക്കും, ചടയൻ ഗോവിന്ദനുമൊപ്പം അന്ത്യവിശ്രമം. മൃതദേഹം പൂർണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്കരിച്ചു.
സഖാവ് എന്ന മൂന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ തോന്നിയ ആ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പയ്യാമ്പലത്തെ ബീച്ചിലും എത്തിയത് ജനസാഗരമായിരുന്നു. ജ്വലിച്ചിരിക്കുന്ന സൂര്യന് താഴെ ചെങ്കോടി പിടിച്ച് എത്തിയ ഒരോ സഖാവിനും പറയാനുണ്ടായിരുന്നു കോടിയേരിക്കുറിച്ച് നൂറ് നൂറ് കഥകൾ. പ്രിയ സഖാവിന്‍റെ വേർപ്പാടിലെ ദുഃഖം മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ മുഖത്ത് വായിച്ചെടുക്കാമായിരുന്നു.
ഇ.കെ നായനാരുടെ വിയോഗസമയത്ത് തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെ വിലാപാത്രയ്ക്ക് ഒപ്പം ഉണ്ടയിരുന്ന ആളാണ് പിണറായി വിജയൻ. ഇന്ന് മറ്റോരു സഖാവിന്റെ വേർപാടും അദ്ദേഹത്തെ തീരാദുഃഖത്തിൽ ആഴ്ത്തി. കൊടിയേരി ആഭ്യന്തര മന്ത്രിയായിരന്നപ്പോൾ പിണറായി പാർട്ടി സെക്രട്ടറി.
പിന്നീട് പിണറായി വിജയൻ കേരളത്തിന്റെ തേരാളിയായപ്പോൾ പാർട്ടിയെ നയിക്കുക എന്ന് വലിയ ഉത്തരവാദിത്വം നേതൃത്വം എൽപ്പിച്ചത് കോടിയേരിയെ. കോടിയേരി എന്ന ഉറ്റ സഖാവിനെയും സഹോദരനെയും നഷ്ടമായ വേദന പയ്യാമ്പലത്ത് ആഞ്ചടിക്കുന്ന തിരികളെ പോലെ പിണറായിക്കുള്ളിൽ അലയടിക്കുന്നുണ്ടാകാം. കണ്ണീര്‍ പൊഴിക്കാതെ സഖാവിനോട് വിടപറയുവാൻ ആകില്ല ആര്‍ക്കും.
കാരണം ആ സഖാവിന്റെ പേര് കോടിയേരി എന്നാണ്. കോടിയേരിയെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയപ്പോൾ ഓരോ സഖാവും ഉറക്കെ വിളിച്ചു. ജീവിക്കുന്നു ഞങ്ങളിലൂടെ... അതെ കാലം.... എത്ര കഴിഞ്ഞാലും... കോടിയേരി എന്ന നാലക്ഷരം ഒരിക്കലും കെടാത്ത അഗ്നിനാളമായി ജ്വലിച്ച് നിൽക്കും ജനമനസ്സിൽ..