തിരുവനന്തപുരം: സമയ നഷ്ടം കുറയ്ക്കാനും വേഗത്തിൽ യാത്ര പൂർത്തിയാക്കാനുമായി ബൈപ്പാസ് ഫീഡർ ബസ്സുകളൊരുക്കി കെ.എസ്.ആർ.ടി.സി. കോർപ്പറേഷൻ തയ്യാറാക്കിയ ബൈപ്പാസ് ഫീഡറുകൾ മലപ്പുറം എടപ്പാളിൽ സർവീസിനായി ഒരുങ്ങി. നിലവിലെ സൂപ്പർക്ലാസ് സർവീസുകൾ ബൈപ്പാസ് റൈഡർ സർവീസുകളായി പുനഃക്രമീകരിക്കും. എന്നാൽ, യാത്രക്കാർക്കുള്ള നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. സർവീസുകൾ ഉടൻ ആരംഭിക്കാനാണ് കോർപ്പറേഷന്റെ ആലോചന.
കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂർ ഇടവിട്ട് ബൈപ്പാസ് റൈഡർ സർവീസുകളാരംഭിക്കും. സമയക്രമം പാലിച്ച് സർവീസുകൾ നടത്തുക വഴി മികച്ച ലാഭമുണ്ടാക്കാനാകുമെന്നാണ് കോർപ്പേറഷന്റെ പ്രതീക്ഷ. വിവിധ ഡിപ്പോകളിൽ നിന്ന് ഇതിലേക്ക് യാത്രക്കാരെ എത്തിക്കാനായി 39 ഫീഡർ സർവീസുകളും ആരംഭിക്കും. തിരക്കേറിയ ടൗണുകളിലും പ്രധാനപാതകളിലും ഉണ്ടാകുന്ന സമയ - ഇന്ധന നഷ്ടം ഒഴിവാക്കാനാണ് ഫീഡർ സർവീസുകൾ ആരംഭിക്കുന്നത്.
റൈഡർ സർവീസുകൾ പോകുന്നയിടങ്ങളിൽ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും. തിരുവനന്തപുരം കഴക്കൂട്ടം, കൊല്ലം കൊട്ടാരക്കര, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തല ജംഗ്ഷൻ, ആലുവ മെട്രോ സ്റ്റേഷൻ, ചാലക്കുടി കോടതി ജംഗ്ഷൻ, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാണ് ഫീഡർസ്റ്റേഷനുകൾ തയ്യാറാക്കുന്നത്. ഡിപ്പോകളിൽ നിന്നും ബസ് സ്റ്റാൻഡുകളിൽ നിന്നും തിരികെയും ബൈപ്പാസ് റൈഡർ സർവീസുകളിൽ ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെ ഫീഡർ സ്റ്റേഷനുകളിലെത്തിക്കും.
പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകളുടെ പ്രവർത്തനം ഉടനുണ്ടായേക്കും. ബൈപ്പാസ് ഫീഡറുകൾ യാഥാർഥ്യമാക്കുക വഴി കോഴിക്കോട്ടേക്കുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂർ സമയം ലാഭിക്കാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...