ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സൂപ്പർഹിറ്റ്; മൂന്ന് ദിവസം കൊണ്ട് കളക്ഷൻ നേടിയത് 24,500 രൂപ

വിദേശ രാജ്യങ്ങളിലും വലിയ നഗരങ്ങളിലുമുൾപ്പടെയുള്ള ഓപ്പൺ ഡെക്ക് സർവീസാണ് അനന്തപുരിയിലേക്കെത്തിയത്

Written by - Abhijith Jayan | Last Updated : Apr 22, 2022, 01:52 PM IST
  • യൂറോപ്യൻ നഗരങ്ങളിലുൾപ്പടെ കണ്ടിട്ടുള്ള ഡബിൾ ഡെക്കർ ഓപ്പൺ ബസ്സാണ് തലസ്ഥാനത്ത് യാത്ര തുടരുന്നത്
  • കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള സർവീസ്
  • ശനി, ഞായർ ദിവസങ്ങളിലെ ഡേ, നൈറ്റ് ട്രിപ്പുകളുടെ മുഴുവൻ ടിക്കറ്റും ഇതിനോടകം ബുക്കിംഗായിട്ടുണ്ട്
ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സൂപ്പർഹിറ്റ്; മൂന്ന് ദിവസം കൊണ്ട് കളക്ഷൻ നേടിയത് 24,500 രൂപ

തിരുവനന്തപുരം: നഗരത്തിലെ വിവിധ  ടൂറിസം കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി ആരംഭിച്ച ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ്സിലെ സിറ്റി റൈഡ് സൂപ്പർഹിറ്റ്. മൂന്ന് ദിവസത്തെ സർവീസുകളിൽ നിന്ന് മാത്രം കോർപ്പറേഷന് വരുമാനമായി ലഭിച്ചത് 24,500 രൂപ. സർവീസ് ഹിറ്റായതോടെ ശനി, ഞായർ ദിവസങ്ങളിലെ ഡേ, നൈറ്റ് ട്രിപ്പുകളുടെ മുഴുവൻ ടിക്കറ്റും ഇതിനോടകം തന്നെ ബുക്കിംഗായിട്ടുണ്ട്.

സർവീസ് ആരംഭിച്ച 18 മുതൽ 21 വരെ മൂന്ന് ദിവസങ്ങളിലായി 24,500 രൂപയാണ് വരുമാനം ലഭിച്ചത്. ബസ്സിൻ്റെ പ്രചരണാർഥം ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഓൾഡേജ് ഹോമിലെ 54 അന്തേവാസികൾക്കായി സൗജന്യ യാത്രയും നൽകുകയാണ്. 

വിദേശ രാജ്യങ്ങളിലും വലിയ നഗരങ്ങളിലുമുൾപ്പടെയുള്ള ഓപ്പൺ ഡെക്ക് സർവീസാണ് അനന്തപുരിയിലേക്കെത്തിയത്. നഗരത്തിലെ സായാഹ്ന, രാത്രി കാഴ്ചകൾ ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കായി മികച്ച ഇരിപ്പിടത്തോടു കൂടിയുള്ള സൗകര്യങ്ങളും ബസ്സിലൊരുക്കിയിട്ടുണ്ട്.

doubledecker

യൂറോപ്യൻ നഗരങ്ങളിലുൾപ്പടെ കണ്ടിട്ടുള്ള ഡബിൾ ഡെക്കർ ഓപ്പൺ ബസ്സാണ് തലസ്ഥാനത്ത് യാത്ര തുടരുന്നത്. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള സർവീസ്. തലസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളിലൂടെയാണ് സർവീസ് കടന്നു പോകുന്നത്. 

പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ആക്കുളം ലുലുമാൾ എന്നിവിടങ്ങളിലേക്കാണ് ഡബിൾ ഡെക്കർ ആനവണ്ടി ചീറിപ്പാഞ്ഞെത്തുന്നത്. വരുന്ന ശനി, ഞായർ ദിവസങ്ങളിലെ ഡേ, നൈറ്റ് ട്രിപ്പുകളുടെ മുഴുവൻ ടിക്കറ്റും ഇതിനോടകം തന്നെ ബുക്കിംഗായതായി അധികൃതർ പറഞ്ഞു.

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസാണ് പുത്തൻ സംവിധാനത്തിലുള്ള ആനവണ്ടി സർവീസ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 5 മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നീണ്ടു നിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് ഓപ്പൺ ഡെക്ക് സർവീസിലൂടെ കെ എസ് ആർ ടി നടത്തിവരുന്നത്.

doubledeckerbus

250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് 200 രൂപക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്ക് പലഹാരവും ശീതളപാനീയങ്ങളും ലഭ്യമാക്കും. ഡേ & നൈറ്റ് റൈഡിൻ്റെ ടിക്കറ്റ് ഒരുമിച്ചെടുക്കുന്നവർക്കായി ഒരു ദിവസം 350 രൂപയുടെ ടിക്കറ്റാകും ലഭ്യമാക്കുക. 

സർവീസ് ആരംഭിച്ച് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് ഉൾപ്പടെ നിരവധി യാത്രക്കാരാണ് സിറ്റി റൈഡ് സർവീസിനായി എത്തുന്നത്. സീറ്റ് ബുക്ക് ചെയ്യുന്നതിന് പേര്, മൊബൈൽ നമ്പർ, യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തിയതി, ആവശ്യമുള്ള സീറ്റുകളുടെ എണ്ണം എന്നിവ 9447479789 എന്ന നമ്പരിലേക്കോ 8129562912 എന്ന വാട്സാപ്പിലേക്കോ അയക്കണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News