തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഒരുക്കാൻ ഇത്തവണ ഒരു വീട്ടമ്മയും. സാംസ്കാരിക നഗരിയെ പ്രകമ്പനം കൊള്ളിക്കാൻ എത്തുന്നത് വടക്കാഞ്ചേരി കുണ്ടന്നൂർ സ്വദേശിനിയായ ഷീനയാണ്. പരമ്പരാഗത വെടിക്കെട്ട് കലാകാരനായ കുണ്ടന്നൂർ പന്തലങ്ങാട്ട് വീട്ടിൽ സുരേഷിന്‍റെ ഭാര്യയാണ് ഷീന.
തിരുവമ്പാടി വിഭാഗത്തിന്‍റെ വെടിക്കെട്ടിന് ഇത്തവണ തിരികൊളുത്തുമ്പോൾ ഷീന തൃശൂർ പൂര ചരിത്രത്തിന്‍റെ ഭാഗമാകും. വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണത്തിൽ പ്രാവിണ്യം നേടിയിട്ടുള്ള ഷീന പ്രത്യേക ലൈസൻസ് നേടിയാണ് ഇത്തവണ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി കരിമരുന്നിൽ വിസ്മയം തീർക്കാൻ നേതൃത്വം നൽകുന്നത്.
Read Also: വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി വെഞ്ഞാറമൂട്ടിൽ
വർഷങ്ങളായി കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ വനിതകൾ വെടിക്കെട്ട് ജോലികളിൽ സഹായികളായി എത്താറുണ്ടെങ്കിലും ആദ്യമായാണ് ഒരു വനിത വലിയൊരു വെടിക്കെട്ടിന്‍റെ ലൈസൻസി ആകുന്നത്. വീട്ടമ്മയായ ഷീന ഭർത്താവ് സുരേഷിനെ സഹായിക്കാനാണ് കരിമരുന്ന് നിർമ്മാണ ജോലികളുടെ പാഠങ്ങൾ പഠിച്ചെടുത്തത്. കാൽനൂറ്റാണ്ടായി മേഖലയിൽ സജീവസാന്നിധ്യമാണ്.
കുഴി മിന്നലിന്‍റെ തൊട്ടികൾ, വാനിൽ വിരിയുന്ന പാരച്യൂട്ട് കുടയുടെ രൂപകല്പന എന്നിവ ഉണ്ടാക്കുന്നതിൽ പ്രത്യേക മികവിന്‍റെ പ്രതീകമാണ് ഷീന. ശക്തന്‍റെ മണ്ണിൽ വാനിൽ ശബ്ദ വർണ്ണ വിസ്മയം തീർക്കാനുള്ള ജോലികൾ ഷീനയും സഹപ്രവർത്തകരും ആരംഭിച്ച് കഴിഞ്ഞു. സുരേഷിന്‍റെ മേൽനോട്ടത്തിലാണ് കരിമരുന്ന് പണികൾ നടക്കുന്നത്.
പൂരത്തിന് വെടിക്കെട്ട് പ്രേമികൾക്കായി വാനിൽ പ്രത്യേക കഴ്ചകൾ ഒരുക്കുമെന്ന് സുരേഷും ഷീനയും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി കേന്ദ്ര പെട്രോളിയം എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷന്‍റെ ഉത്തരവിറങ്ങിയത്. ഗുണ്ട്, കുഴി മിന്നൽ, മാലപ്പടക്കം, അമിട്ട് എന്നിവയ്ക്കാണ് അനുമതിയുള്ളത്.
തയ്യാറാക്കിയത്: ജോസ്മോൻ വർഗീസ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...