ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു വ്യക്തമായ മുന്നേറ്റം. എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. 20,956 വോട്ടിനാണ് അദ്ദേഹം ഭൂരിപക്ഷം നേടിയത്.
യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫ് മികച്ച ഭൂരിപക്ഷം കരസ്ഥമാക്കി. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്‍റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാൻ എത്തിയത്.
മാന്നാർ പഞ്ചായത്തിൽ 2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 5697 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് 5236 വോട്ടുകൾ ഇവിടെ ലഭിച്ചിരുന്നു.
തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും അനുവദിക്കാതെ അതിശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ച വെച്ചത്. ആകെ കിട്ടിയ 40 തപാല്‍ വോട്ടുകളില്‍ 40ഉം ഇടതുമുന്നണിക്ക് തന്നെയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 67303 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറിന് 46,347 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് 35,270 വോട്ടുകളുമാണ് നേടിയത്.
ബിജെപിക്ക് മുന്‍ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ വളരെ കുറഞ്ഞ വോട്ടുകളാണ് ലഭിച്ചത്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ബി.ജെ.പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞശേഷം ഒരു തവണപോലും ഇടതുമുന്നണി രണ്ടാം സ്ഥാനത്തേക്ക് പോയില്ല. വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തിയാണ് വിജയത്തിലേക്ക് എത്തിച്ചേര്‍ന്നത്