സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്ത് വിടും. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി ഡൽഹിയിൽ സ്ക്രീനിങ് കമ്മിറ്റി നടന്ന് വരികയാണ്. സ്ക്രീനിങ് കമ്മിറ്റി യോഗങ്ങളിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.
കൂടുതൽ പുതുമുഖങ്ങളെ കൊണ്ട് വരാനാണ് കോൺഗ്രസ് ഇത്തവണ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൃശൂരിൽ അനിൽ അക്കരയെയും പദ്‌മജ വേണുഗോപാലിനെയും ഒഴിച്ച് സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണിക്കുന്നവരെല്ലാം പുതുമുഖങ്ങൾ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അതെ സമയം നേമത്ത് ഉമ്മൻചാണ്ടിയെ മത്സരത്തിനിറക്കാനാണ് സാധ്യത. എന്നാൽ കോൺഗ്രസിന് മികച്ച അടിസ്ഥാനമില്ലാത്തതും ബിജെപിക്ക് ബലമായ അടിത്തറയുള്ളതുമായ നേമത്ത് ജയിച്ച് കയറുക എന്നത് കോൺഗ്രസിനും ഉമ്മൻ ചാണ്ടിക്കും ശ്രമകരമായ കാര്യമായിരിക്കും. ആദ്യം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അസ്വരസങ്ങൾക്കിടെ സിപിഎമ്മും എൽഡിഎഫും പ്രചരണത്തിലേക്ക് കടന്നു.