തിരുവനന്തപുരം: ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് രമൺ മഗ്‌സസെയുടെ പേരിലുള്ള പുരസ്കാരം കെ കെ ശൈലജ വാങ്ങേണ്ടെന്ന നിലപാടിൽ സിപിഎം എന്ന് സൂചന. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചമർത്തുന്നതിൽ കുപ്രസിദ്ധി നേടിയ രമൺ മഗ്‌സസെയുടെ പേരിലുള്ള അവാർഡായതിനാൽ അവാർഡ് സ്വീകരിക്കരുതെന്ന് പാർട്ടി തീരുമാനിച്ചതായതായാണ് റിപ്പോർട്ടെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
നിപ്പ, കോവിഡ് പ്രതിരോധം, മികച്ച സംഘടനാ വൈഭവം ഇവയൊക്കെ കണക്കിലെടുത്തായിരുന്നു അവാർഡ് കമ്മിറ്റി കെകെ ശൈലജയെ അവാർഡിനായി പരിഗണിച്ചത്. താൻ അവാർഡ് നിരസിക്കുന്നതായി ഇ-മെയിൽ മുഖാന്തിരം കെകെ ശൈലജ അവാർഡ് കമ്മിറ്റിയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സിപിഎം വൃത്തങ്ങൾ വിശദീകരണം നൽകിയിട്ടില്ല.
എഷ്യൻ നോബൽ പ്രൈസ് എന്നറിയപ്പെടുന്ന പുരസ്കാരങ്ങളിലൊന്നാണ് മാഗ്സസെ അവാർഡ്. കെകെ ശൈലജക്ക് അവാർഡ് ലഭിക്കുന്നതോടെ അവാർഡ് നേടുന്ന ആദ്യത്തെ കേരള വനിതയെന്ന് ഖ്യാതിയും ഇവർക്ക് തന്നെയായിരുന്നു. മുൻപ് വർഗീസ് കുര്യൻ, എംഎസ് സ്വാമിനാഥൻ, ടിഎൻ ശേഷൻ, മാധ്യമ പ്രവർത്തകനായിരുന്ന ബിജി വർഗീസ് എന്നിവരാണ് അവാർഡ് നേടിയ മറ്റ് മലയാളികൾ. ഏതാണ്ട് കാൽ നൂറ്റാണ്ടോളമായി കേരളത്തിലേക്ക് മാഗ്സസെ അവാർഡ് എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ചരിത്ര പരമായ മറ്റൊരു മണ്ടത്തരം?
1990-ൽ പ്രധാനമന്ത്രി പദത്തിലേക്ക് ജ്യോതിബസുവിനെ നിശ്ചയിക്കാൻ അന്നത്തെ സർക്കാർ നിർദ്ദേശം മുന്നോട്ട് വെച്ചെങ്കിലും സിപിഎം അതിനെ തള്ളുകയാണുണ്ടായത്. എൽ.കെ അദ്വാനിയുടെ അറസ്റ്റും തുടർന്ന് ബിജെപി വിപി സിങ്ങിൻറെ നാഷണൽ ഫ്രണ്ട് ഗവൺമെൻറിന് തങ്ങളുടെ പിന്തുണ പിൻവലിക്കുകയും ചെയ്തു. ഇതോടെ കോൺഗ്രസ്സ് അധ്യക്ഷൻ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ജ്യോതിബസുവിൻറെ പേര് നിർദ്ദേശിച്ചത്. സിപിഎമ്മിൻറെ അന്നത്തെ നിലപാടിനെയാണ് മാഗ്സസെ വിവാദത്തിലും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...