ഇന്ന് വൃശ്ചികം ഒന്ന്: ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്

 

Last Updated : Nov 17, 2018, 10:42 AM IST
ഇന്ന് വൃശ്ചികം ഒന്ന്: ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്

 

 

സന്നിധാനം: മണ്ഡല മകരവിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി ഇന്ന് ശബരിമല നട തുറന്നു. വൃശ്ചികം ഒന്നായ ഇന്ന് പുതിയ മേല്‍ശാന്തിമാരാണ് നട തുറന്നത്. 

മണ്ഡലകാലം ആരംഭിച്ചതോടെ വന്‍ ഭക്ത ജനതിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ആയിരക്കണക്കിനാളുകളാണ് നെയ്യഭിഷേകമുള്‍പ്പെടെയുള്ള ചടങ്ങുകക്ക് സാക്ഷിയായത്. 

ഇന്നലെ രാത്രി പത്തുമണിയോടുകൂടി ഹരിവരാസനം പാടി നട അടച്ചപ്പോഴും വന്‍ ഭക്തജനതിരക്കായിരുന്നു സന്നിധാനത്ത്. ഇന്ന് രാവിലെ മൂന്നുമണിക്ക് പുതിയ മേല്‍ശാന്തിമാരാണ് ശബരിമലയിലും അതുപോലെ മാളികപ്പുറത്തും നടതുറന്നത്. നട തുറന്ന് മണിക്കൂറുകള്‍ കഴിയും തോറും ഭക്തജനതിരക്ക് കൂടുകയാണ്. ഇന്ന് പ്രത്യേകിച്ച് ചടങ്ങുകളൊന്നും ശബരിമലയിലില്ല. 

ഇന്നലെ ഭക്തര്‍ ശബരിമലയില്‍ തങ്ങാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ മുന്‍നിര്‍ത്തി പൊലീസ് അതിനനുവദിച്ചില്ല. എല്ലാവരോടും മലയിറങ്ങണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ മലകയറിയെത്തിയ അയ്യപ്പഭക്തന്മാരെ നടപ്പന്തലില്‍ തടഞ്ഞുനിര്‍ത്തി. നടതുറന്നതിന് ശേഷമാണ് പിന്നെ അവരെ പൊലീസ് കയറ്റിവിട്ടത്.

നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. കൃത്യമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ സന്നിധാനത്തേക്ക് ആളുകളെ കടത്തിവിടുന്നുള്ളൂ. പമ്പ മുതല്‍ സന്നിധാനം വരെ നാലു പ്രധാന കേന്ദ്രങ്ങളിലാണ് സുരക്ഷാപരിശോധന. ഒന്നാംഘട്ടം പമ്പയില്‍, രണ്ടാംഘട്ടം മരക്കൂട്ടത്ത്, മൂന്നാംഘട്ടം നടപ്പന്തലില്‍.

അതീവ ജാഗ്രതയിലാണ് സന്നിധാനം. സുപ്രീംകോടതി ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചിരിക്കുന്ന നിലയ്ക്ക് ആചാരലംഘനം നടക്കാതെ അമ്പലത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ അയ്യപ്പ ഭക്തരും, ക്രമസമാധനനില തകരാതിരിക്കാന്‍ പൊലീസും കഠിന പ്രയത്നത്തിലാണ്.

 

Trending News