കള്ളവോട്ട്; എംവി സലീനക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് മീണ

കള്ളവോട്ട് നടത്തിയെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ എംവി സലീനയ്‌ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്യുമെന്നും ടിക്കാറാം മീണ പറഞ്ഞു.   

Last Updated : Apr 30, 2019, 01:10 PM IST
കള്ളവോട്ട്; എംവി സലീനക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് മീണ

തിരുവനന്തപുരം: പിലാത്തറയില്‍ കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ നടപടിക്കൊരുങ്ങി ടിക്കാറാം മീണ. കള്ളവോട്ട് ഇട്ട പഞ്ചായത്തംഗം എംവി സലീനക്കെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. 

കള്ളവോട്ട് നടത്തിയെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ എംവി സലീനയ്‌ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്യുമെന്നും ടിക്കാറാം മീണ പറഞ്ഞു.

പിലാത്തറയില്‍ യുപി സ്‌കൂളില്‍ 19ാം നമ്പര്‍ ബൂത്തിലാണ് സുമയ്യ, പഞ്ചായത്തംഗം എംപി സലീന, പത്മിനി എന്നിവര്‍ രണ്ട് തവണ വോട്ട് ചെയ്തതായി കണ്ടെത്തിയത്.

കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വരണാധികാരിയോട് നിര്‍ദ്ദശം നല്‍കിയിരുന്നു. എം.പി സലീന പഞ്ചായത്തംഗത്വം രാജിവെച്ച് അന്വേഷണം നേരിടണമെന്നും പിലാത്തറ ബൂത്തിലെ ഉദ്യോഗസ്ഥരും അന്വേഷണം നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം, റീപ്പോളിംഗ് വേണമോയെന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുകള്‍ പുറത്തുവന്നിരുന്നു. 

കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Trending News