പതിനഞ്ചാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടൊരാളുടെ ജീവിതത്തിലെ പ്രതിസന്ധികൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അത് ചിലപ്പോൾ വിവരിക്കാൻ കഴിയില്ല. ഇച്ഛാ ശക്തിയും ആത്മ ധൈര്യവും വേണം അത്തരമൊരു ഘട്ടത്തെ അതിജീവിക്കാൻ. ഇത്തരത്തിൽ ജീവിതത്തോട് പടവെട്ടി മുന്നേറുന്നയാളാണ് "ഗീത''.
തന്റെ ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാനുണ്ടായ എല്ലാ പ്രതിബന്ധങ്ങളെയും പരാജയപ്പെടുത്തിയ ഗീത ഇപ്പോൾ സമ്പാദിക്കുന്നത് മാസം അൻപതിനായിരം രൂപക്കും മുകളിലാണ്. സ്റ്റാർട്ടപ്പായി തുടങ്ങിയ ഗീതയുടെ സംരംഭം ഇപ്പോൾ പാൻ-ഇന്ത്യ ലെവലിലാണ് എത്തി നിൽക്കുന്നത്.
ഏഴാം ക്ലാസിൽ ആണ് ഗീതയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു തുടങ്ങിയത്. പത്താം ക്ലാസിലെത്തിയപ്പോഴേക്കും അത് പൂർണമായി. എസ്എസ്എൽസി പരീക്ഷ എഴുതിയത് സ്ക്രൈബിൻറെ സഹായത്തിലാണ്. പിന്നീട് ബ്രയിൽ ലിപി പഠിക്കുന്നതിന് പോത്തനിക്കാട് റീഹാബിലിറ്റേഷൻ കേന്ദ്രത്തിൽ ചേർന്നു .അവിടെ നിന്നും ബുക്ക് ബൈൻറിൽ ഉൾപ്പെടെ നിർമ്മാണ വൈദഗ്ദ്യം നേടി. കേരള വർമ്മ കോളേജിൽ പ്രീഡിഗ്രി യ്ക്ക് ചേർന്ന ഗീത അതേ കോളേജിൽ നിന്നും പൊളിറ്റിക്സിൽ ബിരുദം എടുത്തു.
വിവാഹശേഷം ഫുഡ് ബിസിനസ്സിലേക്ക്
വിവാഹശേഷം ആണ് ആദ്യമായി ഫുഡ് ബിസിനസ്സിൽ വരുന്നത് . ഭർത്താവിനോടൊപ്പം ചേർന്ന് തൃശൂരിൽ 2011 ൽ ആണ് ഫ്ലോറ എന്ന പേരിൽ പ്രകൃതി സൗഹൃദ സ്പെഷ്യൽ റെസ്റ്റോറന്റ് തുടങ്ങി .ഓർഗാനിക്ക് ഫുഡുകൾ ഉൾപ്പെടുന്ന മെനുവിന് ആവശ്യക്കാരും ഏറി . എല്ലാ മേഖലയിലുള്ളവരും ഗീതയുടെ റെസ്റ്റോറൻറ് തേടി എത്തി തുടങ്ങുന്ന കാലത്താണ് മാസ്സ് പ്രൊഡക്ഷനിലേക്ക് കടക്കുന്നത്.
റെസ്റ്റോറൻറ് നടത്തിപ്പിൽ ഭക്ഷണ നിർമ്മാണത്തിന്റെ വിവിധ മേഖലയും ഗീത പരിചയപ്പെട്ടു . ഇടയിൽ പിഎസിയും സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളും ശ്രമിച്ചിട്ട് നടന്നില്ല . കാഴ്ചയില്ലാത്ത ഒരാൾക്കും ജോലി കൊടുക്കാൻ സ്ഥാപനങ്ങൾ തയ്യാറായിരുന്നില്ല. ലോക്ക് ഡൗണ്‍ കാലത്താണ് ഹോം മെയിഡ് ഫുഡ് എന്ന ആശയത്തിലേക്ക് എത്തിയത് . കാട, കോഴി തുടങ്ങിയവയെ വളർത്തി മുട്ട വിൽപ്പനയായിരുന്നു ആദ്യം . ചേച്ചിയുടെ വീട്ടിൽ മഞ്ഞൾ കൃഷി തുടങ്ങിയ ശേഷമാണ് മഞ്ഞൾ ഉൽപ്പന്നം ആയ കർക്കുമീൽ നിർമ്മാണം തുടങ്ങിയത് .പിന്നീട് ഗീതാസ് ഹോം ടു ഹോം എന്ന പേരിൽ വിൽപ്പന തുടങ്ങി.
മഞ്ഞളിൽ നിന്നും...
തൃശൂർ വ്യവസായ കേന്ദ്രത്തിൽ ട്രെയിനിംങ് പൂർത്തിയാക്കിയ ഗീതയ്ക്ക് അവിടെ നിന്നും ലഭിച്ച മികച്ച പിന്തുണയും പ്രചോദനവും കൈമുതലായി. പിന്നീടാണ് മഞ്ഞളിന്റെ വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കായുള്ള അന്വേഷണങ്ങൾ ആരംഭിച്ചത്. ഇവക്കുള്ള പ്രധാന ചേരുവ ആയ പ്രതിഭ എന്ന പ്രത്യേകം ഇനം മഞ്ഞൾ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും നേരിട്ട് വാങ്ങി . ഓർഡർ അനുസരിച്ച് കുക്ക് ചെയ്തു പാക്ക് ചെയ്തു ഉപഭോക്താക്കൾക്ക് കൊറിയർ വഴി അയച്ചു കൊടുക്കും.
ഗുണമേന്മ കൂടിയ പ്രതിഭാ മഞ്ഞൾ മാത്രം ലഭിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്പൈസ് റിസർച്ച് സെന്ററിന്റെ സഹായത്തോടെ നേരിട്ട് ലൈസൻസിയുമായി സംസാരിച്ച് ഉറപ്പാക്കിയിട്ടുണ്ട്. .ഗുണമേന്മയുള്ള കുർക്കുമീൽ എന്ന പേരിൽ ഉള്ള മഞ്ഞൾ ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുവരെ ഓർഡറുകൾ വരുന്നു-ഗീത പറയുന്നു.
ഉപയോഗിച്ച് നോക്കിയവർ മറ്റുളളവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. ഇന്ന് 4 പേർക്ക് സ്ഥിരം ജോലി കൊടുക്കുന്നതിനൊടൊപ്പം തിരക്കുള്ള സമയങ്ങളിൽ ഉൽപ്പാദന ഘട്ടങ്ങളിലെ ക്ലീനിങ് പാക്കിങ് തുടങ്ങി ജോലികൾ അടുത്തുള്ള വനിതകൾക്ക് ഏൽപ്പിച്ചു കൊടുക്കുക വഴി അവർക്ക് തൊഴിൽ കൊടുക്കുവാനും സാധിക്കുന്നു പറയുമ്പോൾ ഗീതയുടെ മുഖത്ത് പുഞ്ചിരി.
ഉത്പാദനത്തിൻറെ ഓരോ ഘട്ടത്തിലും വീട്ടിലെ മറ്റ് അംഗങ്ങളുടെ സഹായത്താലാണ് ഗുണ മേന്മ ഉറപ്പ് വരുത്തുന്നത്. കാഴ്ച പരിമിതി ജീവിതത്തിൽ ഒന്നിനും തടസ്സമാകില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് ഗീത. ശക്തിയും ധൈര്യവുമായി ഭർത്താവ് സലീഷും ഒപ്പമുണ്ട്. ആത്മവിശ്വാസമാണ് ഈ സംരംഭകയുടെ കൈമുതൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA