തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇടപെട്ടെന്നും കുറവുകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി. നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് നോട്ടീസ്. പി.സി വിഷ്ണുനാഥ് എം.എല്‍.എ ആയിരുന്നു നോട്ടീസ് നല്‍കിയത്. വിലക്കയറ്റം വര്‍ദ്ധിക്കുമ്പോഴും വിപണിയില്‍ ഇടപെടാതെ ജനങ്ങള്‍ക്കുമേല്‍ ഇരട്ടി ദുരന്തം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സപ്ലൈക്കോയില്‍ അവശ്യ സാധങ്ങള്‍ ലഭ്യമല്ല. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിപണിയില്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പി.സി വിഷ്ണുനാഥ് ആരോപിച്ചു.
ALSO READ: ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം; പരുമല കേസിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ
പ്രതിപക്ഷ ആരോപണത്തെ പൂര്‍ണ്ണമായും തള്ളിക്കളയുകാണ് ഭക്ഷ്യവകുപ്പ് മന്ത്രി ചെയ്തത്. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടിയാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയില്‍ തക്കാളി ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ വിലക്കാണ് കേരളത്തില്‍ ലഭിക്കുന്നത്. 2016 മുതല്‍ 12000 കോടിയോളം രൂപയാണ് പൊതുവിപണിയില്‍ ഇടപെടാനും സബ്‌സിഡിക്കുമായി സര്‍ക്കാര്‍ ചെലവഴിച്ചത്. സപ്ലൈക്കോ ഔട്ട്‌ലെറ്റ് വഴി വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ 13 സാധനങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം കടന്നു പോകുന്നത് വല്ലാത്ത പ്രതിസന്ധിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ധനവകുപ്പും ഭക്ഷ്യ വകുപ്പും തമ്മില്‍ തര്‍ക്കമാണ്. കെഎസ്ആര്‍ടിസിയെ തൂക്കിക്കൊന്നതുപോലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ കൊല്ലാനാണ് സര്‍ക്കാര്‍ നോക്കുന്നത്. സപ്ലൈക്കോ ഔട്ട്‌ലെറ്റ് വഴി വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ 13 അവശ്യസാധനങ്ങള്‍ ഉണ്ടോ എന്ന് ഒരുമിച്ചു പോയി പരിശോധിക്കാമെന്നും ഭക്ഷ്യമന്ത്രിയോട് അദ്ദേഹം പറഞ്ഞു. വിലപിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. പണം തരണമെന്ന് പറഞ്ഞ് ഭക്ഷ്യ മന്ത്രി അവതരിപ്പിക്കേണ്ട അടിയന്തര പ്രമേയമാണിതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഒന്നിച്ച് പരിശോക്കാമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ മന്ത്രി സ്വീകരിക്കുകും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ വാക്ക് ഔട്ട് പ്രസംഗത്തെ തടസപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...