ഗവർണർ പദവിയുടെ അന്തസ് കളഞ്ഞാണ് ആർഎസ്എസ് തലവനെ സന്ദർശിച്ചത്; ​ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സെമിനാറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണെന്നാണ് ഗവർണറുടെ കണ്ടെത്തല്‍. സമനില തെറ്റിയതുകൊണ്ടാണ് തോന്നിപോലെ പലതും പറയുന്നതെന്ന് പി. ജയരാജൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 20, 2022, 04:58 PM IST
  • ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മേൽ ചാട്ടവാര്‍ പ്രയോഗിക്കാനുള്ള അധികാരവും പദവിയുമല്ല ഗവര്‍ണറുടേതെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു
  • ഭരണഘടനാ പദവിയുള്ള ഈ മാന്യന്‍ പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചാണ് തൃശൂരില്‍ ആര്‍എസ്എസിന്റെ അഖിലേന്ത്യാ തലവവന്‍ മോഹൻ ഭാഗവത്തിനെ സന്ദര്‍ശിച്ചതെന്ന് പി.ജയരാജൻ പരിഹസിച്ചു
ഗവർണർ പദവിയുടെ അന്തസ് കളഞ്ഞാണ് ആർഎസ്എസ് തലവനെ സന്ദർശിച്ചത്; ​ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

തൃശൂർ: മനോനില തെറ്റിയ മട്ടിലാണ് ഗവര്‍ണര്‍ പലതും വിളിച്ചുപറയുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സെമിനാറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണെന്നാണ് ഗവർണറുടെ കണ്ടെത്തല്‍. സമനില തെറ്റിയതുകൊണ്ടാണ് തോന്നിപോലെ പലതും പറയുന്നതെന്നും പി. ജയരാജൻ പറഞ്ഞു. ചെറായി മങ്കുഴി ഗോപിയേട്ടൻ വായനശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പി. ജയരാജൻ ​ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മേൽ ചാട്ടവാര്‍ പ്രയോഗിക്കാനുള്ള അധികാരവും പദവിയുമല്ല ഗവര്‍ണറുടേതെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ പദവിയുള്ള ഈ മാന്യന്‍ പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചാണ് തൃശൂരില്‍ ആര്‍എസ്എസിന്റെ അഖിലേന്ത്യാ തലവവന്‍ മോഹൻ ഭാഗവത്തിനെ സന്ദര്‍ശിച്ചതെന്ന് പി.ജയരാജൻ പരിഹസിച്ചു.

ആര്‍എസ്എസുമായി എല്ലാക്കാലത്തും നല്ല ബന്ധമായിരുന്നുവെന്നും തിരുവനന്തപുരത്ത് വിളിച്ച പത്രസമ്മേളനത്തിൽ ​ഗവർണർ സമ്മതിച്ചു. ഗവര്‍ണയുടെ പറച്ചില്‍ കേട്ട് പിണറായിക്കെതിരെ കേസെടുക്കാനാണ് കോൺഗ്രസ് വിദ്വാൻ കെ സുധാകരന്‍ പറഞ്ഞത്. ആര്‍എസ്എസും കോണ്‍ഗ്രസും ഒന്നാണെന്നും അതിന് കുടപ്പിടിച്ച് മുസ്ലിം ലീഗും കേരളത്തിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്നും പി.ജയരാജൻ പറഞ്ഞു.

ALSO READ: '​ഗവർണർക്ക് മാനസിക വിഭ്രാന്തി'; മുഖ്യമന്ത്രി കത്ത് നൽകിയത് ഭരണനിർവഹണത്തിന്റെ ഭാ​ഗമെന്നും ഇപി ജയരാജൻ

വർണറുടെ വാർത്താസമ്മേളനം സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ നിലവാര തകർച്ചയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കഴിഞ്ഞ ദിവസം പറ‍ഞ്ഞിരുന്നു. ഗവർണർക്ക് മാനസികമായി തകരാറുണ്ടെന്നും സാംസ്കാരിക കേരളത്തിന്റെ ഗവർണർ പദവിയിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല എന്നും ഇപി ജയരാജൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജിവെക്കണം. വ്യക്തിവിരോധം പ്രയോഗിക്കുന്ന നേതാവായി ഗവർണർ അധ:പതിച്ചെന്നും ഗവർണർ ജനങ്ങൾക്ക് പരിഹാസരൂപമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ഇപി ജയരാജൻ പറ‍ഞ്ഞു.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ​ഗവർണർ വാർത്താസമ്മേളനത്തിൽ നടത്തിയത്. കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടെന്ന് ​ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി തന്നെ കണ്ടിരുന്നുവെന്നും വെയിറ്റേജ് നൽകാമെന്ന് പറഞ്ഞിരുന്നെന്നും ഗവർണർ വ്യക്തമാക്കി. തന്നോട് ചോദിക്കാതെ എജി വിഷയത്തിൽ നിയമോപദേശം നൽകിയെന്നും ​ഗവർണർ ആരോപിക്കുന്നു. വിസിയുടെ പുനർ നിയമനത്തിന് തന്റെ നേൽ സമ്മർദ്ദം ചെലുത്തിയെന്നും ​ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതിൻറെ ഭാഗമായി മുഖ്യമന്ത്രി കത്തയച്ചിരുന്നു. ആദ്യ കത്ത് 2021 ഡിസംബർ എട്ടിനാണ് എത്തിയത്. ഇത്തരത്തിൽ മൂന്ന് കത്ത് മുഖ്യമന്ത്രി അയച്ചിരുന്നതായും ഗവർണർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസ്സിലെ ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. വീഡിയോ താനോ രാജ്ഭവനോ നിർമ്മിച്ചതല്ല പി.ആർ.ഡി, ചാനലുകൾ എന്നിവടങ്ങിൽ നിന്ന് ശേഖരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ''കണ്ണൂരിൽ തനിക്കെതിരെ വധശ്രമം ഉണ്ടായി; ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണ്''; മുഖ്യമന്ത്രിക്കെതിരെ ​ഗവർണർ

ചരിത്ര കോൺഗ്രസ്സിൽ തനിക്ക് കാത്തിരിക്കേണ്ടി വന്നു. ആകെ  മൂന്ന് മിനിട്ട് സമയമാണ് ലഭിച്ചതെന്നും ​ഗവർണർ പറഞ്ഞു. ചരിത്രകാരൻ ഇർഫാൻ ഹബീബ് 45 മിനിട്ട് സംസാരിച്ചെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെടി ജലീൽ പാക്കിസ്ഥാൻ ഭാഷ സംസാരിച്ചു. ഇത് അവരുടെ പരിശീലന ക്യാമ്പിൽ നിന്നും കിട്ടുന്നതാണ്. അഭിപ്രായങ്ങളെ അടിച്ചർത്തുന്ന വിദേശ ആശയ സംഹിതയാണ് അവരുടേത്. രാജ്ഭവൻ എങ്ങനെ പ്രവർത്തിക്കണം എന്ന് നിർദ്ദേശിച്ച് കത്തെഴുതിയ സർക്കാർ സെക്രട്ടറി കേരളത്തിലുണ്ടെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ​ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം നോക്കാതെ എന്തും പറയാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ സമർപ്പിക്കുന്നത്. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ, ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ  പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.

കേന്ദ്രത്തിൽ ഉയർന്ന പദവി പ്രതീക്ഷിച്ചായിരിക്കാം സംസ്ഥാന സർക്കാരിനെതിരെ ​ഗവർണർ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. നിയമപരമായി പാസ്സാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് ഒപ്പിടാൻ തടസ്സം ഉണ്ടാകേണ്ട, അതിൽ സർക്കാരിന് ആശങ്കയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News