തോല്‍വിയില്‍ പതറില്ല, പാര്‍ട്ടി ജനവിശ്വാസം വീണ്ടെടുക്കും: ജോസ് കെ. മാണി

പാലായുടെ ചരിത്രത്തിലാദ്യമായി യുഡിഎഫ് സ്ഥാനാര്‍ഥി നേരിട്ട തോല്‍വിയില്‍ പ്രതികരിച്ച് ജോസ് കെ. മാണി!!

Sheeba George | Updated: Sep 27, 2019, 02:01 PM IST
തോല്‍വിയില്‍ പതറില്ല, പാര്‍ട്ടി ജനവിശ്വാസം വീണ്ടെടുക്കും: ജോസ് കെ. മാണി

പാലാ: പാലായുടെ ചരിത്രത്തിലാദ്യമായി യുഡിഎഫ് സ്ഥാനാര്‍ഥി നേരിട്ട തോല്‍വിയില്‍ പ്രതികരിച്ച് ജോസ് കെ. മാണി!!

ഈ പരാജയത്തില്‍ പാര്‍ട്ടി പതറില്ലെന്നും, ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ. മാണി എംപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാലായിലെ ജനവിധി പൂര്‍ണമായും മാനിക്കുന്നു. പരാജയ കാരണം വസ്തുതാപരമായി പാര്‍ട്ടിയും യുഡിഎഫും പരിശോധിക്കും. വീഴ്ചകളുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും. വിജയം വരുമ്പോള്‍ അമിതമായി ആഹ്ലാദിക്കുകയും പരാജയം സംഭവിക്കുമ്പോള്‍ പതറുകയും ചെയ്യുന്നതല്ല രാഷ്ട്രീയം. മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ടുകുറഞ്ഞത് എല്ലാവരും കാണണം, ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചുകൊടുത്തിട്ടുണ്ടെന്നും ജോസ് കെ. മാണി ആരോപിച്ചു.

പാലായില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് പോരാടിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മികച്ച പിന്തുണയുണ്ടായി. രണ്ടില ചിഹ്നം ഇല്ലാതിരുന്നതും തോല്‍വിക്ക് ഘടകമായിട്ടുണ്ട്. വോട്ടിംഗ് മെഷീനില്‍ ഏഴാമതായിരുന്നു സ്ഥാനാര്‍ഥിയുടെ സ്ഥാനം. ഇത്തരം കാര്യങ്ങളും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നും രണ്ടില ചിഹ്നം ലഭിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഫലമുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലായില്‍ അട്ടിമറി വിജയമാണ് മാണി സി. കാപ്പന്‍ നേടിയത്. 2943 വോട്ടുകളുടെ ഭൂരിപക്ഷമാണ് പാലയില്‍ മാണി സി കാപ്പന്‍ നേടിയത്. പാലായുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്‍ഡിഎഫ് ഈ മണ്ഡലത്തില്‍ വിജയം നേടുന്നത്.