പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഊര്‍ജിത കര്‍മ്മപരിപാടി നടപ്പാക്കും: പിണറായി വിജയന്‍

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഊര്‍ജിത കര്‍മ്മപരിപാടി നടപ്പാക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു.

Last Updated : Dec 18, 2017, 05:48 PM IST
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഊര്‍ജിത കര്‍മ്മപരിപാടി നടപ്പാക്കും: പിണറായി വിജയന്‍

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഊര്‍ജിത കര്‍മ്മപരിപാടി നടപ്പാക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു.

ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനുമുന്നോടിയായി എല്ലാ ജില്ലകളിലും കലക്ടര്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനുവരിയില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും ജില്ലാതലത്തില്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കാനും തീരുമാനിച്ചു.

തദ്ദേശസ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത് തൊഴില്‍, വനം തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ചാണ് പ്രസ്തുത കര്‍മ്മപരിപാടി നടപ്പാക്കുക. കൊതുക് നശീകരണത്തിനും കൊതുക് നിയന്ത്രണത്തിനും പ്രത്യേക ഊന്നല്‍ നല്‍കിയാണ് പരിപാടി തയ്യാറാക്കിയിട്ടുളളത്.

പ്രതിരോധ പരിപാടി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനതലത്തില്‍ വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്നും പിണറായി അറിയിച്ചു. 

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ജലക്ഷാമമുളള പ്രദേശങ്ങള്‍ കണ്ടെത്തി ശുദ്ധജലവിതരണം ഉറപ്പാക്കാനും തീരുമാനമായി. 

ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നടത്തും. തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനും വാക്സിനേഷനും സാങ്കേതിക സഹായം നല്‍കും. 

ഓടകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Trending News