പ്ലാന്‍ എയും ബിയും സിയും പാളി, കമ്മീഷനും ചതിച്ചു, വോട്ടു ചെയ്യാനാവാതെ സുരേഷ് ഗോപി...

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ സുരേഷ് ഗോപി. 

Last Updated : Apr 24, 2019, 03:57 PM IST
പ്ലാന്‍ എയും ബിയും സിയും പാളി, കമ്മീഷനും ചതിച്ചു, വോട്ടു ചെയ്യാനാവാതെ സുരേഷ് ഗോപി...

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ സുരേഷ് ഗോപി. 

തൃശൂരില്‍ നിന്നും വ്യോമമാര്‍ഗം തിരുവനന്തപുരത്തെത്തി വോട്ടു ചെയ്യാമെന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പദ്ധതിയാണ് അവസാന നിമിഷം പാളിയത്. ശാസ്തമംഗലം രാജാ കേശവദാസ് ഹയര്‍സെക്കന്‍ഡറി  സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്. 

രാവിലെ തന്‍റെ ,മണ്ഡലമായ തൃശൂരിലെ പോളിംഗ് വിലയിരുത്തിയശേഷം വൈകുന്നേരത്തോടെ വ്യോമമാര്‍ഗം തിരുവനന്തപുരത്തെത്തി വോട്ടു ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ വൈകുന്നേരത്തിനു മുമ്പ് തിരുവനന്തപുരത്തെത്തുന്ന വിധം കൊച്ചിയില്‍ നിന്നും വിമാനസര്‍വ്വീസ് ഇല്ലാത്തതിനാല്‍ ഹെലികോപ്ടറില്‍ പോകാമെന്ന് തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ബിജെപി ഉപയോഗിച്ച ഹെലികോപ്ടറില്‍ പോകാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ ഹെലികോപ്ടര്‍  വോട്ടിംഗ് ദിവസം ഉപയോഗിക്കാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശിച്ചതോടെ അതും മുടങ്ങി. അതോടെ മറ്റുവഴികള്‍ തേടാനായി ശ്രമം. 

കല്ല്യാണ്‍ ഗ്രൂപ്പിന്‍റെ ഹെലികോപ്ടര്‍ ഉപയോഗിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്നായിരുന്നു അവസാനം തീരുമാനിച്ചത്. എന്നാല്‍ ഹെലികോപ്ടര്‍ എത്തിയപ്പോഴും വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു. അവിടെ നിന്നും തിരുവനന്തപുരത്തെത്തുമ്പോഴേക്കും പോളിംഗ് സമയം കഴിയുമെന്നതിനാല്‍ ഒടുക്കം വോട്ടു ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അതിനിടെ, പോളിംഗ് ദിവസം സുരേഷ് ഗോപി ബൂത്തുകളില്‍ കയറി പലരോടും കൈകൂപ്പി വോട്ട് അഭ്യര്‍ഥന നടത്തിയതായി ആരോപണമുണ്ട്. പോളിംഗ് സമയത്ത് ബൂത്തുകളില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത് തെരഞ്ഞെടുപ്പു ചട്ടലംഘനമാണ്.

 

Trending News