തിരുവനന്തപുരം: ആര്‍.എസ്.എസ് സംഘത്തിന്‍റെ ശുദ്ധീകരണവും കേരളത്തില്‍ നിലവിലിരിക്കുന്ന സംഘര്‍ഷങ്ങളും സംബന്ധിച്ച വിലയിരുത്തലുകള്‍ ലക്ഷ്യമിട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഈ മാസം കേരളത്തിലെത്തും.
സി.പി.എം–ആര്‍എസ്എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഭാഗവത് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കണമെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരി ഇക്കാര്യം പറയുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് സന്ദര്‍ശനമെങ്കിലും സി.പി.എമ്മുമായുള്ള ചര്‍ച്ചയ്ക്കുള്ള സാധ്യത ആര്‍എസ്എസ് കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല.
കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ ഭീഷണിയുമായി ആര്‍എസ്എസ് സഹസര്‍സംഘചാലക് ദത്താത്രേയ ഹൊസബലെ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനാകുമെന്നാണ് സഹസര്‍സംഘചാലക് പറഞ്ഞത്. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഹൊസബലെ ആവശ്യപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വലിയൊരു ദേശീയ പ്രശ്‌നമായി ചിത്രീകരിക്കുന്നതിനിടയില്‍ മെഡിക്കല്‍ കോഴ വിവാദം പതിയെ മാധ്യമ ശ്രദ്ധയില്‍ നിന്ന് മാറിയിരിക്കുകയാണ്. കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി ദേശീയ നേതൃത്വം ആസൂത്രണം ചെയ്തുകൊണ്ടിരുന്ന പദ്ധതികള്‍ക്കും പരീക്ഷണങ്ങള്‍ക്കുമെല്ലാം തിരിച്ചടിയായ മെഡിക്കല്‍ കോഴ വിവാദത്തിനിടയിലാണ് അരുണ്‍ ജയ്റ്റ്ലിയ്ക്ക് പിന്നാലെ മോഹന്‍ ഭാഗവതും കേരളത്തിലേക്ക് എത്തുന്നത്.