തൃശൂര്‍: നവംബര്‍ ഒന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസ് ഉടമകളും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആവശ്യങ്ങള്‍ പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. വാഹന നികുതിയില്‍ ഇളവ് വരുത്തുകയോ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുകയോ വേണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ ബസുടമകള്‍ ഉയര്‍ത്തിയത്. ഇതനുസരിച്ചാണ് കമ്മീഷനെ നിയമിക്കുന്നത്.
മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാർത്ഥി ചാർജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം. സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണം എന്നോക്കെയാണ് ആവശ്യങ്ങള്‍.
അതിനിടെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി. ബസിന്‍റെ കാലാവധി 15 ൽ നിന്ന് 20 വർഷമാക്കി. ബസ് ഉടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കാൻ വീണ്ടും യോഗം വിളിക്കും. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികള്‍ക്ക് കൺസഷൻ തീരുമാനിക്കും.
വര്‍ധിച്ചു വരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് സ്വകാര്യബസുടമകളുടെ സംഘടനകള്‍ കേരളപ്പിറവി മുതല്‍ നിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ഇന്ധന വില പലതവണ വര്‍ധിച്ചിട്ടും ബസ്ചാര്‍ജ്ജ് കൂട്ടുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും ബസുടമകള്‍ ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഒക്‌ടോബര്‍ 11ന് ബസുടമകള്‍ മുഖ്യമന്ത്രിക്ക് അടക്കം നിവേദനം നല്‍കിയിരുന്നു. നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിയും വ്യക്തമാക്കിയിരുന്നു.
രണ്ടര വര്‍ഷത്തിനിടയില്‍ ഇന്ധന വിലയിലും മറ്റ് ചെലവുകളിയും ഭീമമായ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ നിരക്ക് വര്‍ധനവല്ലാതെ മറ്റ് പരിഹാരമില്ലെന്ന നിലപാടിലാണ് ബസുടമകള്‍.