കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബോർജിൽ വീർ സവർക്കറുടെ ചിത്രം ഉൽപ്പെട്ടത് വിവാദത്തിൽ. ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച ബോർഡിലാണ് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത്. സംഭവം വിവാദമായതോടെ മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് കോൺഗ്രസ് പ്രവർത്തകർ സവർക്കറുടെ ചിത്രം മറച്ചു. എന്നാൽ സംഭവം ബിജെപി ഏറ്റെടുത്തു. വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായി എന്നാണ് സവർക്കറുടെ ചിത്രമടങ്ങിയ പ്രചാരണ ബോഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്.
കോൺഗ്രസിന് വൈകി വന്ന തിരിച്ചറിവാണിതെന്ന് ബിജെപി വക്താവ് ടോം വടക്കനും പ്രതികരിച്ചു. കോൺഗ്രസ് അനുകൂലികളായവരെ മാത്രമാണ് ഇതുവരെ സ്വാതന്ത്ര്യ സമര സേനാനികൾ ആക്കിയിട്ടുള്ളത്. അമളി പറ്റിയതാണെന്ന് നേതൃത്വം പറഞ്ഞാലും പ്രവർത്തകർക്ക് യാഥാർത്ഥ്യം മനസിലായെന്നും ടോം പ്രതികരിച്ചു. സവർക്കർക്ക് പകരം ഗോൾവാൾക്കറിന്റെ ഫോട്ടോ വച്ചില്ലല്ലോ.. ആ മനസ് കാണാതെ പോകരുത് എന്നായിരുന്നു മന്ത്രി വിശിവൻകുട്ടി പ്രതികരിച്ചത്. ഗാന്ധിജിയുടെ ചിത്രം കൊണ്ട് മറയ്ക്കുന്ന വീഡിയോയ്ക്ക് ഒപ്പമാണ് പോസ്റ്റ്.
അതേസമയം കോൺഗ്രസ് പ്രവർത്തകർ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് സവർക്കറുടെ ചിത്രം മറയ്ക്കുന്നതിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണ ബോർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിത്. അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നുമാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ സംഭവത്തിൽ നൽകുന്ന വിശദീകരണം. സംഭവത്തിൽ കോൺഗ്രസ് നടപടിയും സ്വീകരിച്ചിട്ടുണ്ട്.
അതേസമയം ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിൽ പ്രവേശിച്ചു. ഗുരുദേവ മഹാസമാധി ദിനത്തിൽ ശ്രീ നാരായണ ഗുരുവിന്റെ ഛായാ ചിത്രത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. എംഎൽഎ കെ ബാബു. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, കെ.പി ധനപാലൻ, ജോഡോ യാത്ര തൃപ്പൂണിത്തുറ നിയോജകമണ്ഡലം കോഡിനേറ്റർ ആൻറണി ആശാൻ പറമ്പിൽ, അഫ്സൽ നമ്പ്യാരത്ത്, എൻ പി മുരളീധരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...