കോഴിക്കോട്: ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നുവെന്നാണ് നിഗമനം. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാനുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം മെയ് ഏഴിനാണ് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയത്.
മാർച്ച് ഒന്നിനാണ് വ്ലോഗർ റിഫ മെഹ്നുവിനെ ദുബായിലെ ജാഹിലിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ് മോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. ദുബായില്‍ വച്ച് ഫോറന്‍സിക് പരിശോധന മാത്രമാണ് നടത്തിയത്. അതുകൊണ്ട് തന്നെ കേരളത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയത്.
ALSO READ: വ്ലോഗർ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
മരണത്തിൽ ദുരൂഹതയുണ്ടെന്നും റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ കേസെടുക്കണമെന്നും റിഫയുടെ മാതാപിതാക്കളും സഹോദരനും റൂറൽ എസ്‌പി എ ശ്രീനിവാസന് പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണയ്ക്കും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മെഹ്നാസിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മെഹ്നാസ് ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം, റിഫ മെഹ്‍നുവിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ചോദ്യം ചെയ്യലിന് ഹാജാരാൻ സമയം നൽകിയിട്ടും മെഹ്നാസ് എത്താത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോലീസ് തീരുമാനിച്ചത്. മെഹ്നാസ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പോലീസ് തീരുമാനിച്ചത്. വ്യാഴാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇയാൾ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഫോൺ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...