ബിജെപിയുടെ വഴി തടയല്‍ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ വഴി തടയല്‍ പ്രക്ഷോഭം ഇന്നുമുതല്‍‍. 

Last Updated : Dec 2, 2018, 10:56 AM IST
ബിജെപിയുടെ വഴി തടയല്‍ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട‍: ശബരിമല വിഷയം കൂടുതല്‍ സജീവമായി നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ബിജെപി. ശബരിമല സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബിജെപി ഇന്നുമുതല്‍ വഴി തടയല്‍ പ്രക്ഷോഭം ആരംഭിക്കും. കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വഴി തടഞ്ഞ് പ്രതിഷേധം നടത്തുക. 

കൂടാതെ, ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്താനും പരിപാടിയുണ്ട്. കെ.സുരേന്ദ്രന്‍ ദിവസങ്ങളായി പൊലീസ് കസ്റ്റഡിയില്‍ തുടരുന്നതിനെതിരെയുള്ള സമരത്തിന്‍റെ ഭാഗമായാണ് ഞായറാഴ്ച ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

രാവിലെ 11ന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയുമെന്നാണ് സൂചന. 

അതേസമയം, ബിജെപി വഴിതടയല്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. യാത്രാവേളകളിലും പരിപാടികളിലുമാണ് സുരക്ഷ വര്‍ധിപ്പിക്കുക. പൊതുപരിപാടികള്‍ നടക്കുമ്പോള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകള്‍ ഇക്കാര്യം പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

കൂടാതെ, ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

അതുകൂടാതെ, ബിജെപി ഇന്ന് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കും. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുക. നിലവില്‍ ഡിസംബര്‍ 4 വരെയാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നുമാണ് ബിജെപി ആരോപിക്കുന്നത്. 

ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം സമരം മയപ്പെടുത്തിയതില്‍ ബിജെപി ദേശീയ നേതൃത്വം മുന്‍പേതന്നെ അതൃപ്തി അറിയിച്ചിരുന്നു. അതേതുടര്‍ന്നാണ് സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലടക്കം സ്വാധീനമുണ്ടാകുന്ന തരത്തില്‍ ശബരിമല സമരം ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശമുണ്ടെങ്കിലും സംസ്ഥാനത്ത് സമരം തണുത്തുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. 

 

Trending News