ശബരിമല സമരം ശക്തമാക്കാന്‍ അമിത് ഷാ കേരളത്തിലെത്തും

ശബരിമലയിലെ ബിജെപി നയിച്ച സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുന്നതെന്നാണ് സൂചന.  

Updated: Dec 1, 2018, 12:22 PM IST
ശബരിമല സമരം ശക്തമാക്കാന്‍ അമിത് ഷാ കേരളത്തിലെത്തും

പത്തനംതിട്ട: ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനം. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ കേരളത്തിലെത്തും. ഇതിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും. നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ നിലയ്ക്കലില്‍ സമരം ശക്തമാക്കാനും കോഴിക്കോട് ചേര്‍ന്ന ബിജെപി നേതൃയോഗം തീരുമാനിച്ചു.

മാത്രമല്ല കെ സുരേന്ദ്രന് വേണ്ടി സമരം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെരുവില്‍ തടയും, മന്ത്രിമാരെ കരിങ്കൊടി കാണിക്കാനും തീരുമാനമുണ്ട്. നിലയ്ക്കലില്‍ മറ്റന്നാള്‍ മുതല്‍ നിരോധനാജ്ഞ ലംഘിക്കും എന്നാണ് വിവരം.

ശബരിമലയിലെ ബിജെപി നയിച്ച സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുന്നതെന്നാണ് സൂചന. ഡിസംബര്‍ 15ന് മുമ്പായി അമിത് ഷാ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുമെന്നാണ് വിവരം.

നിലയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ വേദി സെക്രട്ടറിയേറ്റിലേക്കു മാറ്റുന്നത് സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന നേതാക്കള്‍ അടക്കമുള്ള നേതാക്കള്‍ നിലയ്ക്കലിലെത്തി നിരോധനാജ്ഞ ലംഘിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.