എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ച് സുരേഷ് ഗോപിയും രാജഗോപാലും

സുരേഷ് ഗോപി എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ എന്നിവര്‍ ഇന്ന് സമരപന്തലിലെത്തി എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ചു.  

Updated: Dec 4, 2018, 04:34 PM IST
എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ച് സുരേഷ് ഗോപിയും രാജഗോപാലും

തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം രണ്ടാം ദിവസത്തിലേക്ക് കടന്നു. സുരേഷ് ഗോപി എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ എന്നിവര്‍ ഇന്ന് സമരപന്തലിലെത്തി എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ചു.

കെ.സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ സരോജ് പാണ്ഡെ എംപിയാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്.

സിപിഐഎം നേതാക്കന്മാരുടെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടു വന്നതിനാണ് കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിയ്ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നിരാഹാര സമരത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. രാക്ഷസ ഭരണകൂടത്തിന്‍റെ കണ്ണു തുറപ്പിക്കാനാണ് ഈ നിരാഹാര സമരം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാട്ടുനീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. കോടതിയെ മാനിക്കാത്ത സര്‍ക്കാരാണെന്ന് തെളിയിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ പൊലീസ് രാജ് നടപ്പാക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് പോലും കൂച്ചുവിലങ്ങിടുകയാണ്. ഇത് ധര്‍മ്മസമരമാണ്. നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ്. ബിജെപി സമരം നിര്‍ത്തി എന്നത് കല്ലുവച്ച നുണയാണെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.