പാത്തനംതിട്ട: ശബരിമലയില്‍ COVID-19 വ്യാപനം രൂക്ഷമാവുന്നു. ശബരിമലയില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം 36 പേര്‍ക്കാണ് കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്. ഭക്തരില്‍ മാത്രമല്ല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥരിലേയ്ക്കും രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
സന്നിധാനം, പമ്പ , നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 48 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരിലാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. ഇവരില്‍ 36 പേര്‍ക്ക് കോവിഡ് കണ്ടെത്തി.
ശബരിമലയില്‍ (Sabarimala) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തില്‍ ആന്‍റിജന്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ 14 ദിവസങ്ങളായി സന്നിധാനത്ത് തുടരുന്ന ദേവസ്വം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ജീവനക്കാരെയും പോലീസുകരെയും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
18 പോലീസ് ഉദ്യോഗസ്ഥര്‍, 17 ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ , ഒരു ഹോട്ടല്‍ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. നിലക്കലില്‍ 7 പോലീസുകാരുള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്പയില്‍ ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചു. പരിശോധനയില്‍ 36 പേര്‍ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ പോലീസ് ഉദ്യോഗസ്ഥരും 17 പേര്‍ ദേവസ്വം ജീവനക്കാരും ഒരാള്‍ വ്യാപാരിയുമാണ്.
പമ്പയിലും നിലക്കലിലും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം പോലീസ് മെസ്സുകള്‍ താല്‍ക്കാലികമായി അടച്ചിരിയ്ക്കുകയാണ്.
Also read: സംസ്ഥാനത്ത് 5949 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5268 പേർ
അടുത്തഘട്ടത്തിന്‍റെ ചുമതലയുള്ള പോലീസ് ബാച്ച് ഡ്യൂട്ടിയില്‍ പ്രവേശിക്കും. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പോലീസുകാരുടെ എണ്ണം കുറച്ചിട്ടുണ്ട്.
അതേസമയം, സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരില്‍ രോഗബാധ കണ്ടെത്താത്ത സാഹചര്യത്തില്‍ ആശങ്കവേണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. ജീവനക്കാരിലും പോലീസ് ഉദ്യോഗസ്ഥരിലും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തെ കുറിച്ച് ആരോഗ്യവകുപ്പ് വിലയിരുത്തി വരികയാണ്.