നിരോധനാജ്ഞ ഇല്ലാതെ മാസ പൂജ പൂര്‍ത്തിയാക്കി നടയടച്ചു

സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധി വന്നതിനുശേഷം തീര്‍ത്ഥാടകരുടെ പ്രതിഷേധമോ അറസ്റ്റടക്കമുള്ള നടപടികളോയില്ലാതെ നട തുറന്ന് അടക്കുന്നത് ഇതാദ്യമാണ്.

Last Updated : Feb 18, 2019, 10:36 AM IST
നിരോധനാജ്ഞ ഇല്ലാതെ മാസ പൂജ പൂര്‍ത്തിയാക്കി നടയടച്ചു

സന്നിധാനം: കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നടയടച്ചു. അചാരലംഘനശ്രമങ്ങളെ ഭയന്ന് പിരിമുറുക്കങ്ങളിലൂടെയാണ് നട തുറന്നിരുന്ന എല്ലാ ദിവസവും കടന്ന് പോയത്.
ഹരിവരാസനം പാടി ഭഗവാനെ യോഗ നിദ്രയിലാക്കിയാണ് മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നടയടച്ചത്.

മണ്ഡലകാലത്തെ പോലെതന്നെ കുംഭമാസ പൂജകള്‍ക്കും സന്നിധാനത്തെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. അചാര ലംഘനശ്രമങ്ങളെ ഭയന്ന് പിരിമുറുക്കങ്ങളിലൂടെയാണ് എല്ലാ ദിവസവും കടന്ന് പോയത്. 

എന്നാല്‍, സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധി വന്നതിനുശേഷം തീര്‍ത്ഥാടകരുടെ പ്രതിഷേധമോ അറസ്റ്റടക്കമുള്ള നടപടികളോയില്ലാതെ നട തുറന്ന് അടക്കുന്നത് ഇതാദ്യമാണ്. ഭക്തരുടെ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍കാലികമായെങ്കിലും മുട്ടുമടക്കി എന്നതിനു തെളിവാണ് മുന്‍പ് നടന്ന പോലെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അചാരലംഘന ശ്രമങ്ങള്‍ ഉണ്ടായിരുന്നില്ലയെന്നത്.

അതേസമയം, തിരക്ക് കുറവാണെങ്കിലും പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ യാതൊരു കുറവുമുണ്ടായില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കുംഭമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തോട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിക്കാതെയാണ് കുംഭ മാസ പൂജകള്‍ പൂര്‍ത്തിയായത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചില യുവതികള്‍ സന്നിധാനത്തേക്ക് എത്താന്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികള്‍ അവരെ തിരിച്ചയച്ചു. ശബരിമല ഉത്സവത്തിനായി മാര്‍ച്ചില്‍ നട വീണ്ടും തുറക്കും.

Trending News