കാസർകോട്: വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന പരാതിയിൽ നടനും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ ഷിയാസ് കരീമിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കുക. ഷിയാസിനെ ശനിയാഴ്ച രാവിലെയാണ് ചന്തേര പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഷിയാസിനെ പോലീസ് പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഷിയാസ് കരീമിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഷിയാസ് കരീമിനെ തടഞ്ഞുവച്ചത്.
എന്നാൽ, നേരത്തെ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജിം ട്രെയിനറായ യുവതിയുടെ പരാതിയിലാണ് ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നുണ്ട്.
എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പല തവണകളായി ഷിയാസ് 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...