തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിന് സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചു. 24 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്ന് കൂടി ചേർത്ത് 84 കോടി രൂപ ശമ്പളമായി വിതരണം ചെയ്യും. ചൊവ്വാഴ്ച മുതൽ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു.
ഇന്ധന ചിലവിൽ പത്ത് കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സർക്കാർ 80 കോടി രൂപയിൽ നിന്നും 60 കോടി കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു. ഇതോടെ ഈ മാസം കെ.എസ്.ആർ.ടി.സിയുടെ തനത് ഫണ്ടിൽ നിന്നും ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ചെലവഴിച്ചത്.
Also Read: KSRTC|ശമ്പള പരിഷ്കരണവുമില്ല, ശമ്പളവുമില്ല; കെഎസ്ആർടിസി ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക്
നവംബര്‍ മാസം പകുതി പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാർ പ്രതിസന്ധിയിലായിരുന്നു. ശമ്പളപരിഷ്കരണം പോയിട്ട്, ലഭിക്കേണ്ട ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ശമ്പള വിതരണത്തിന് തുക അനുവദിച്ചത്.
ശമ്പള പരിഷ്കരണം നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഈ രണ്ട് ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് 9.4 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. എന്നാൽ ഈ പണിമുടക്ക് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍, ശമ്പള പരിഷ്കരണവും, ചര്‍ച്ചയുമില്ല എന്ന് മാത്രമല്ല, ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം പോലും കിട്ടിയിട്ടില്ല.
ജീവനക്കാർ വീണ്ടും സമരത്തിനൊരുങ്ങുന്നത് കെഎസ്ആർടിസിയിൽ വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക. പ്രതിമാസം 80 കോടിയോളം രൂപയാണ് ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിന് വേണ്ടത്. ഒക്ടോബര്‍ മാസത്തില്‍ 113 കോടി രൂപ മാത്രമായിരുന്നു വരുമാനം. ഇതില്‍ 60 കോടിയോളം ഇന്ധനത്തിനും സ്പെയർ പാർട്സിനുമായി വിനിയോഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...