Kerala mansoon: കാലവർഷം എത്തി; കൂട്ടിക്കൽ പോലുള്ള ദുരന്തങ്ങൾ മുന്നിൽ കാണണമെന്ന് മന്ത്രി വി.എൻ. വാസവൻ

Kerala monsoon updates: വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ അടക്കമുള്ളവ ജില്ലയിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പരിശോധിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 05:24 PM IST
  • തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഏകോപിപ്പിച്ച് മുന്നൊരുക്കങ്ങൾ നടപ്പാക്കണം.
  • താലൂക്ക് മുതൽ വില്ലേജ് തലം വരെ പ്രതിരോധ പ്രവർത്തനങ്ങൾ എത്തണം.
  • വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ നടപടികൾക്കും സജ്ജമാകണം.
Kerala mansoon: കാലവർഷം എത്തി; കൂട്ടിക്കൽ പോലുള്ള ദുരന്തങ്ങൾ മുന്നിൽ കാണണമെന്ന് മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കാലവർഷത്തെ നേരിടാൻ ജില്ലയിലെ വകുപ്പുകൾ സുസജ്ജമായിരിക്കണമെന്നും വാർഡ് തലത്തിൽ വരെയുള്ള മുന്നൊരുക്ക യോഗങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ. കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്‌ട്രേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂട്ടിക്കൽ പോലുള്ള ദുരന്തങ്ങൾ മുന്നിൽക്കണ്ടു വേണം തയാറെടുപ്പുകൾ നടത്തേണ്ടത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മണ്ണിടിച്ചിലും നീരൊഴുക്കും കൂടുതൽ ഉള്ള സ്ഥലങ്ങളും എക്കൽ കൂടുതലായി അടിയുന്ന പ്രദേശങ്ങളും കണ്ടെത്തി അപകടങ്ങൾ കുറയ്ക്കാനുള്ള തയാറെടുപ്പുകൾ വേണമെന്ന് മന്ത്രി നിർദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഏകോപിപ്പിച്ച് മുന്നൊരുക്കങ്ങൾ നടപ്പാക്കണം. താലൂക്ക് മുതൽ വില്ലേജ് തലം വരെ പ്രതിരോധ പ്രവർത്തനങ്ങൾ എത്തണം. യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പദ്ധതികൾ നടപ്പാക്കി വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ നടപടികൾക്കും സജ്ജമാകണം. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. ക്യാമ്പുകൾ വേണ്ടിവരുന്ന പ്രദേശങ്ങളിൽ ഏതൊക്കെ ക്യാമ്പുകളാക്കാമെന്ന് മുൻകൂട്ടി തീരുമാനിക്കണമെന്നും അദ്ദേഹം നി‍ർദ്ദേശിച്ചു.

ALSO READ: മുഖ്യമന്ത്രി വിളിക്കുമ്പോള്‍ ഞാന്‍ പേടിച്ചു പോയെന്ന് പറയണം; പരിഹസിച്ച് വി.ഡി സതീശൻ

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് വേണ്ടി വന്നാൽ ആളുകളെ ഒഴിപ്പിക്കുന്നതിന് ടിപ്പർ ലോറികളുടെ സഹകരണം ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളെ നേരിടാനും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കാനും ഡോക്ടർമാരും ആംബുലൻസും അടങ്ങുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കണം. കാലവർഷത്തെ നേരിടാൻ സർക്കാർ തലത്തിൽ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
  
വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ അടക്കമുള്ളവ ജില്ലയിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പരിശോധിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ആറുകൾക്കും തോടുകൾക്കും സമീപം ആളുകൾ സെൽഫിയെടുത്തും മറ്റും അപകടങ്ങളിൽപ്പെടുന്നത് ഒഴിവാക്കാൻ ബോധവൽക്കരണം നടപ്പാക്കണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യർഥിച്ചു. മഴക്കാല രോഗങ്ങളെ നേരിടാനായി ജൂൺ ആദ്യവാരം തന്നെ പ്രത്യേക ക്യാമ്പുകൾ തുടങ്ങിയതായി ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ അറിയിച്ചു. 

യോഗത്തിൽ സി.കെ. ആശ എം.എൽ.എ ഓൺലൈനായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഘ്നേശ്വരി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി ജോസഫ്, ആർ.ഡി.ഒ.മാരായ പി.ജി രാജേന്ദ്ര ബാബു, വിനോദ് രാജ് തുടങ്ങിയവരും യോ​ഗത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News