കണ്ണൂര്‍: ബിസിനസ് മെച്ചപ്പെടുത്താന്‍ പലവഴികളും പലരും ഉപയോഗിക്കാറുണ്ട്. ചെലോര്‌ടെ ശരിയാവും ചെലോര്‌ടെ ശരിയാവില്ല. എന്നാല്‍ കണ്ണൂര്‍ ആയിക്കര കടപ്പുറത്ത് നിന്നുള്ള ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് ഒരു സംശയവും ഇക്കാര്യത്തില്‍ തോന്നില്ല, സംഗതി 'ശരിയായിട്ടുണ്ട്'.
പ്രസീത ചാലക്കുടി എന്ന അനുഗ്രഹീത ഗായിക പാടി, മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച പാട്ടാണ് 'കേള്‍ക്കണോ, പ്രിയ കൂട്ടരേ' എന്ന ഗാനം. ഈ പാട്ടിന്റെ വരികള്‍ മാറ്റി ആലപിച്ചാണ് കണ്ണൂര്‍ ആയിക്കര കടപ്പുറത്ത് ഒരാള്‍ തന്റെ മീന്‍കച്ചവടം തകൃതിയായി നടത്തുന്നത്. പാട്ടുപാടി മീന്‍ വില്‍ക്കുന്ന ഈ കലാകാരന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
Read Also: കൊല്ലാൻ വട്ടമിട്ട് സ്രാവുകൾ, ഇടയിൽ കുടുങ്ങി പോയ ബോട്ട്- പിന്നെ നടന്നത്
'കേള്‍ക്കണോ, പ്രിയ കൂട്ടരേ, ഈ അയലക്ക് 100 രൂപ, ഈ അയലക്ക് 100 രൂപ! ആയിക്കര കടപ്പുറത്ത്, ഈ അയലക്ക് 100 രൂപ' എന്ന പാട്ടാണ് ആദ്യം വൈറല്‍ ആയത്. പിന്നീട്, ചെമ്മീന്‍ വില്‍ക്കുന്ന മറ്റൊരു വൈറല്‍ ആയിട്ടുണ്ട്. 'കേള്‍ക്കണോ പ്രിയ കൂട്ടരേ, ഈ കൊഞ്ചിന്ന് 100 രൂപാ, അരക്കിലോ കൊഞ്ചിന്ന് 100 രൂപാ. ആയിരക്ക കടപ്പുറത്ത് ഇന്ന് കൊഞ്ചിന്ന് 100 രൂപാ' എന്നാണ് ആ പാട്ട്. ആളുകള്‍ കൂടെ പാടി ആവേശം പകരുന്നതും ഈ വീഡിയോയില്‍ കാണാം.
എന്തായാലും വീഡിയോ വൈറല്‍ ആയതോടെ പാട്ടുപാടി മീന്‍കച്ചവടം നടത്തുന്ന ആളും പ്രശസ്തനായി. ബുഷാര്‍ ജംഹര്‍ എന്നാണ് ഈ കലാകാരന്റെ പേര്. ഗായകന്‍ മാത്രമല്ല, ബുഷാര്‍ ഒരു ഡ്രം ആര്‍ട്ടിസ്റ്റ് കൂടിയാണെന്ന് ഇന്‍സ്റ്റാഗ്രാമിലെ വീഡിയോക്ക് താഴെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. മീന്‍ കച്ചവടത്തിനും ഏറെമുമ്പ് ബുഷാര്‍ ഒരു ഗായകനായിരുന്നു. എന്നാല്‍, അന്നൊന്നും ആ പ്രദേശത്തിന് അപ്പുറമുള്ളവരാരും ഈ കലാകാരനെ തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ, ഒരൊറ്റ വൈറല്‍ വീഡിയോയിലൂടെ ബുഷാറിന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
Read Also: സിംഹങ്ങളെ ഭയപ്പെടുത്തിയോടിച്ച് ഹിപ്പോ; ആരാണ് രാജാവെന്ന് സോഷ്യൽ മീഡിയ- വീഡിയോ വൈറൽ
ഒറിജിനല്‍ പാട്ടുപാടിയ പ്രസീത ചാലക്കുടിയെ ഇന്‍സ്റ്റാഗ്രാമിലെ വൈറല്‍ വീഡിയോക്ക് താഴെ പലരും മെന്‍ഷന്‍ ചെയ്യുന്നതും കാണാം. നാട്ടിലെ ഒരു ഗാനമേള ട്രൂപ്പില്‍ അംഗമാണത്രെ ബുഷാര്‍. ഡ്രംസ് കൂടാതെ തബലയും ഉപയോഗിക്കാറുണ്ട് എന്നും ചിലര്‍ കമന്റില്‍ പറയുന്നു.
പേരും പ്രശസ്തിയും അവസരങ്ങളും ഇല്ലാത്ത ഒരുപാട് കലാകാരന്‍മാര്‍ നമുക്ക് ചുറ്റിലും ഉണ്ടാവും. ചിലപ്പോള്‍ അവര്‍ ഇങ്ങനെ ഒരൊറ്റ സംഭവം കൊണ്ടോ, വീഡിയോ കൊണ്ടോ പ്രശസ്തരാവുകയും ചെയ്യും. അത്തരം കാര്യങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്. സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചവര്‍ പോലും ഉണ്ട്.
കച്ചാ ബദാം എന്ന പാട്ടുകൊണ്ട് ലോകപ്രശസ്തനായ ഭുബന്‍ ബദ്യാകാറിനെ കുറിച്ച് കേട്ടിട്ടില്ലേ. കോടിക്കണക്കിന് ആളുകളായിരുന്നു ഭുബന്റെ കച്ചാ ബദാം പാട്ടുകേട്ടത്. ആ പാട്ട് പിന്നീട് റീല്‍സുകളുടെ പ്രധാന പശ്ചാത്തല സംഗീതമായി മാറുകയും ചെയ്തു. കച്ചാ ബദാമിന്റെ റീലോഡഡ് വേര്‍ഷനുകളും പുറത്തിറങ്ങി. എന്നാല്‍ ഭുബന്‍ ഇപ്പോള്‍ നിത്യജീവിതത്തിന് തന്നെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...