ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ്, വീട്ടിൽ വൈൻ നിർമ്മിക്കാൻ പാടില്ലെന്ന രീതിയിൽ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. വൈൻ നിർമ്മിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണെന്നുവരെ വാർത്തയുണ്ടായിരുന്നു.
എന്നാല്‍, വീട്ടിൽ വൈൻ ഉണ്ടാക്കിയാൽ പിടിയിലാകുമോ? ഇല്ല. ലഹരിയില്ലാത്ത വൈന്‍ വീട്ടിലുണ്ടാക്കുന്നതിന് വിലക്കില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
ക്രിസ്മസ്-നവവത്സര ആഘോഷവുമായി ബന്ധപ്പെട്ട് ആല്‍ക്കഹോള്‍ സാന്നിധ്യമില്ലാത്ത വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ എസ്. അനന്തകൃഷ്ണന് അറിയിച്ചു. ആല്‍ക്കഹോളിന്റെ സാന്നിധ്യമില്ലാത്ത വൈന്‍ ഉപയോഗം സംബന്ധിച്ച പരിശോധനകളൊന്നും എക്സൈസ് പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ആല്‍ക്കഹോള്‍ കലര്‍ന്ന മദ്യം നിര്‍മിച്ച് വില്‍പ്പന നടത്തുന്നവരെ പിടികൂടാനാണ് സര്‍ക്കുലര്‍ ഇറക്കിയത്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ലഹരിയുടെ സാന്നിധ്യമില്ലാത്ത വൈന്‍ ഉപയോഗം കൂടി നിര്‍ദേശത്തിന്റെ പരിധിയില്‍ വരുമെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണു പ്രചരിപ്പിക്കപ്പെട്ടതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസമായിരുന്നു എക്സൈസ് എൻഫോഴ്സ്മെന്‍റ് വിഭാഗം ക്രിസ്തുമസ് പുതുവത്സര കാലത്തെ ലഹരിയുടെ ഒഴുക്കു തടയുന്നതുമായി ബന്ധപ്പെട്ട് സർക്കുലർ പുറപ്പെടുവിച്ച്. ഇതാണ് വീടുകളിൽ വൈൻ നിർമ്മിക്കുന്നത് നിരോധിച്ചു എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കാനിടയാക്കിയത്.