പ്രളയക്കെടുതി: ലോക ബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തിലെത്തും

കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചെന്നും വിശദമായ വിലയിരുത്തല്‍ നടത്തുമെന്നും ലോക ബാങ്ക് അറിയിച്ചു.  

Last Updated : Sep 8, 2018, 12:11 PM IST
പ്രളയക്കെടുതി: ലോക ബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തിലെത്തും

ന്യൂഡല്‍ഹി: പ്രളയക്കെടുതി വിലയിരുത്താന്‍ ലോക ബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തിലെത്തും. 20 അംഗ സംഘമാണ് എത്തുന്നത്. കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചെന്നും വിശദമായ വിലയിരുത്തല്‍ നടത്തുമെന്നും ലോക ബാങ്ക് അറിയിച്ചു.

അതേസമയം പ്രളയബാധിത പ്രദേശങ്ങളില്‍ ഭൂജലനിരപ്പു ക്രമാതീതമായി താഴുന്നതു സംബന്ധിച്ച് പഠനം നടത്താന്‍ കോഴിക്കോട് ആസ്ഥാനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റും (സിഡബ്ല്യുആര്‍ഡിഎം) തീരുമാനിച്ചു. സംസ്ഥാനത്തെ അണക്കെട്ടുകളിലും വേമ്പനാട്ടു കായലിലും ഉള്‍പ്പെടെ ജലാശയങ്ങളിലെ ജലനിരപ്പു താഴുന്ന സാഹചര്യത്തിലാണിത്.

പെരുമഴയ്ക്കുശേഷം രണ്ടാഴ്ചയോളം മഴയുണ്ടാകാതിരുന്നതാണു വരള്‍ച്ചയ്ക്കു കാരണമെന്നാണു നിഗമനം. പുഴകളിലെ ശക്തമായ ഒഴുക്കുമൂലം ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തുറക്കുകയും വെള്ളം പെട്ടെന്നു കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. പലയിടങ്ങളിലും പൊഴി മുറിക്കുകയും ചെയ്തിരുന്നു.

വെള്ളപ്പൊക്കത്തിനു ശേഷം ജലനിരപ്പു താഴുന്നതു പതിവാണെങ്കിലും ഇത്തവണത്തേതു പുതിയ പ്രതിഭാസമാണോയെന്നാണു പരിശോധിക്കുന്നത്. നദികളിലെ മണലെടുപ്പു വര്‍ധിച്ചതും വെള്ളം സംഭരിച്ചുനിര്‍ത്തുന്നതിനെ ബാധിച്ചുവെന്നു വിലയിരുത്തലുണ്ട്. പല പ്രദേശങ്ങളിലും കിണര്‍ജലം താഴുന്നതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Trending News