കണ്ണൂര്‍: കോവിഡിനെ പരാജയപ്പെടുത്തിയ മലയാള സിനിമയുടെ മുത്തച്ഛനെ വിധി വെറുതെ വിട്ടില്ല, മലയാളത്തിന്റെ സ്നേഹനിധിയായ മുത്തച്ഛന് ഉണ്ണിക്കൃഷ്ണന് നമ്പൂതിരി അന്തരിച്ചു
ഉണ്ണിക്കൃഷ്ണന് നമ്പൂതിരി (പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന് നമ്പൂതിരി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. 98 വയസായിരുന്നു.
കോവിഡ് പോസിറ്റീവായതിനെ (Covid-19) തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണന് നമ്പൂതിരി (Unnikrishnan Namboothiri). അദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചിരുന്നു. അദ്ദേഹം കോവിഡ് നെഗറ്റീവായത് കഴിഞ്ഞ ദിവസമായിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ അദ്ദേഹത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു.
1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണിക്കൃഷ്ണന് നമ്പൂതിരി നിരവധി സിനിമകളില്‍ മുത്തച്ഛനായി വേഷമിട്ടിരുന്നു.
ഉണ്ണിക്കൃഷ്ണന് നമ്പൂതിരി തന്റെ 76ാം വയസിലാണ് ആദ്യമായി സിനിമയിലഭിനയിക്കുന്നത്. 1996ല്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതില്‍ പ്രേക്ഷക പ്രീതിനേടി.
Also read: പ്രായമൊരു വിഷയമല്ല; കോവിഡിനെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തശ്ശൻ Unnikrishnan Namboothiri
തുടര്‍ന്ന് ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, ഗര്‍ഷോം, കല്യാണരാമന്... എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചു. ചന്ദ്രമുഖി ഉള്‍പ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സെന്റിമെന്റ്സും കോമഡിയും ഒരുപോലെ വഴങ്ങുന്ന ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെ മുത്തച്ഛന് കഥാപാത്രങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്.