IFFK 2022 : ഇനി തലസ്ഥാനത്ത് സിനിമാ വസന്തം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം

IFFK 2022 ഇന്ന് ഡിസംബർ ഒമ്പത് മുതൽ 16 വരെ എട്ട് ദിനങ്ങളിലായിട്ടാണ് സംഘടിപ്പിക്കുക

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 06:55 AM IST
  • ഡിസംബർ 9 മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 70 രാജ്യങ്ങളിൽനിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും.
  • അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാളം സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും.
  • ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ പ്രദർശിപ്പിക്കും.
  • 12 സിനിമകളുടെ ആദ്യപ്രദർശനത്തിന് മേള വേദിയാവും.
IFFK 2022 : ഇനി തലസ്ഥാനത്ത് സിനിമാ വസന്തം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം

തിരുവനന്തപുരം : 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഡിസംബർ 9 മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 70 രാജ്യങ്ങളിൽനിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാളം സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ പ്രദർശിപ്പിക്കും. 12 സിനിമകളുടെ ആദ്യപ്രദർശനത്തിന് മേള വേദിയാവും.

ഉദ്ഘാടന സമ്മേളനത്തിൽ  ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി മുഖ്യമന്ത്രി ആദരിക്കും. യാത്രാനിയന്ത്രണങ്ങൾ കാരണം മേളയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി അവാർഡ് ഏറ്റുവാങ്ങും. ജൂറി ചെയർമാനും ജർമ്മൻ സംവിധായകനുമായ വീറ്റ് ഹെൽമർ ചടങ്ങിൽ സന്നിഹിതനായിരിക്കും.

ALSO READ : Nanpakal Nerathu Mayakkam : മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്കം' തീയറ്ററുകളിലേക്ക്; ആദ്യ പ്രദർശനം ഐഎഫ്എഫ്കെയിൽ

ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുർബയൻ ചാറ്റർജിയുടെ സിതാർ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദർശിപ്പിക്കും. ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനമാണിത്. കഴിഞ്ഞ മെയിൽ നടന്ന കാൻ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും കാൻ 75-ാം വാർഷിക പുരസ്‌കാരം നേടുകയും ചെയ്ത ചിത്രം, ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർത്ഥികളായ ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.

14 തിയേറ്ററുകളിലായാണ് മേളയുടെ പ്രദർശനം നടക്കുക. 12000ത്തോളം ഡെലിഗേറ്റുകൾ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് , ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, ഫെസ്റ്റിവൽ ഡയറക്ടർ ദീപിക സുശീലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News