കെജിഎഫ് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ഇത്രയധികം ആരാധകരെ ഈ ചിത്രം നേടിയെടുത്തെങ്കിൽ അതിൽ പ്രധാന പങ്കുവഹിച്ചത് ഈ ചിത്രത്തിലെ സംഗീതമാണ്. നായകന് നൽകിയിരിക്കുന്ന ബിജിഎം, ചിത്രത്തിലെ ഗാനങ്ങളെല്ലാം ഓരോ പ്രേക്ഷകനും നെഞ്ചിലേറ്റിയതാണ്. ആ സംഗീതം ഒരുക്കിയ ആളെയും പ്രേക്ഷകർ സ്വീകരിച്ചു. രവി ബസ്‍റൂര്‍ ആണ് കെഡിഎഫിന്റെ സംഗീതം ഒരുക്കിയത്. പ്രശാന്ത് നീലിന്റെ സലാർ എന്ന ചിത്രത്തിന്റെയും സംഗീതം രവി ബസ്റൂർ ആണ്. മലയാളത്തിലേയ്ക്ക ആ സംഗീതം എത്തിക്കാൻ ഒരുങ്ങുകയാണ് പൃഥ്വിരാജും ടീമും.
പൃഥ്വിരാജ് ചിത്രമായ കാളിയനിൽ സംഗീതം ഒരുക്കുന്നത് രവി ബസ്റൂർ ആണെന്നാണ് പുതിയ റിപ്പോർട്ട്. കാളിയനിലേക്ക് രവി ബസ്രൂറിനെ സ്വാഗതം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു. രവി ബസ്രൂറിനൊപ്പമുള്ള ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയൻ' ആയി പൃഥ്വിരാജ് എത്തുന്ന ചിത്രമാണിത്. നവാഗതനായ എസ് മഹേഷ് ആണ് കാളിയൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്.
നിലവിൽ ഷാജി കൈലാസ് ചിത്രം കാപ്പയിലാണ് പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആസിഫ് അലി, മഞ്ജു വാര്യർ, ഇന്ദ്രൻസ്, അന്ന ബെൻ, നന്ദു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ച് കഴിഞ്ഞു. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ലുക്ക് പൃഥ്വിരാജ് തന്നെ പങ്കുവച്ചിരുന്നു. ജി ആര്‍ ഇന്ദുഗോപന്‍ (GR Indugopan) എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥയാണ് ഈ നോവലിൽ പറയുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ (FEFKA Writers Union) നിർമ്മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്രനിർമാണ സംരംഭമാണ് കാപ്പ. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ് ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് (Theatre Of Dreams) എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...