നിരവധി സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ റിലീസിനായി തയാറെടുക്കുകയാണ്. പല ചിത്രങ്ങൾക്കായും പ്രേക്ഷകരും അക്ഷമരായി തന്നെ കാത്തിരിക്കുകയാണ്. 2023 അവസാനിക്കും മുൻപ് തന്നെ ഒട്ടനവധി ബിഗ് ബജറ്റ് ചിത്രങ്ങൾ ഉൾപ്പെടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്താൻ തയാറെടുക്കുകയാണ്. മലയാളം മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക് സിനിമാ മേഖലകളിൽ നിന്നും പ്രേക്ഷകർ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ പ്രദർശനത്തിനെത്താനുണ്ട്.
കിംഗ് ഓഫ് കൊത്ത, ലിയോ, സലാർ, ജയിലർ തുടങ്ങിയ ചിത്രങ്ങൾക്കായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഓരോ ചിത്രത്തിന്റെയും അപ്ഡേറ്റുകൾ തന്നെ നിമിഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ അടക്കം തരംഗമാകാറുണ്ട്. ഓരോ അപ്ഡേറ്റുകളും ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തുകയാണ്. അടുത്തടുത്ത മാസങ്ങളിലായി ഈ ചിത്രങ്ങൾ ഓരോന്നായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.
2023-ന്റെ രണ്ടാം പകുതിയിൽ പുറത്തിറങ്ങുന്ന 10 ദക്ഷിണേന്ത്യൻ ചിത്രങ്ങൾ
കിംഗ് ഓഫ് കൊത്ത - ദുൽഖർ സൽമാനെ പ്രധാന കഥാപാത്രമാക്കി അഭിലാഷ് ജോഷി ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന താരങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഓണം റിലീസായി കിങ് കൊത്ത തിയറ്ററുകളിൽ എത്തും. കണ്ണൻ, തമിഴ് താരം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ താരം സരൺ, അനിഖ സുരേന്ദ്രൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ലിയോ - ഈ വർഷം പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. വിജയ് ആണ് ചിത്രത്തിൽ നായകൻ, തൃഷ നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും, ഗാനവും ഇതിനോടകം ഹിറ്റ് ആയിക്കഴിഞ്ഞു. ഒക്ടോബർ 19ന് ചിത്രമെത്തുമെന്നാണ് റിപ്പോർട്ട്.
Also Read: AI viral video: പിണറായി വിജയൻ ജയിംസ് ബോണ്ട്, തരൂർ ഏഥൻ ഹണ്ട്; വീണ്ടും വിസ്മയിപ്പിച്ച് എഐ
മാമന്നൻ - വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് മാമന്നൻ. ചിത്രം നാളെ, ജൂൺ 29ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സംവിധായകൻ മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ജയിലർ - രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. ഓഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നു. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. തമന്നയാണ് നായിക.
സലാർ - പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് സലാർ. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ഈ വർഷം സെപ്റ്റംബറിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രമാണ് സലാർ.
ഇന്ത്യൻ 2 - തമിഴിലെ ഹിറ്റ്മേക്കർ ശങ്കറും കമൽഹാസനും ചേർന്ന് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ദീപാവലിക്ക് ഇന്ത്യൻ 2 റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ക്യാപ്റ്റൻ മില്ലർ - ധനുഷ് നായകനാകുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം അരുൺ മാതേശ്വരൻ ആണ്. ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
ഭോല ശങ്കർ - ചിരഞ്ജീവി നായകനാകുന്ന ചിത്രമാണ് ഭോല ശങ്കർ. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. മെഹർ രമേശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമന്ന, കീർത്തി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേതാളം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ് ഭോലാ ശങ്കർ.
ഹരി ഹര വീര മല്ലു - പവൻ കല്യാൺ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ഹരി ഹര വീര മല്ലു. കൃഷ് ജഗർലമുടിയാണ് രചനയും സംവിധാനവും. പതിനേഴാം നൂറ്റാണ്ടിലെ മുഗൾ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
ഹനുമാൻ - പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹനുമാൻ. തേജ സജ്ജയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി എന്നിവരും അഭിനയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...