Oscars 2023: ടോം ക്രൂസിനും, ജോണി ഡെപ്പിനും കിട്ടിയിട്ടില്ല; ഓസ്‌കാര്‍ ലഭിക്കാത്ത പ്രമുഖരിൽ ഇവരും

ഇവരിൽ പലരും ഓസ്കാർ നോമിനേഷനിൽപ്പോലും പരിഗണിക്കപ്പെട്ടിട്ടില്ല എന്നതാണ് അതിശയകരം. ഇതിന് പല കാരണങ്ങൾ ഉണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 15, 2023, 09:44 AM IST
  • 80 കളിലും 90 കളിലും ഹോളിവുഡിലെ മിന്നുന്ന താരമായി മാറിയ അഭിനേത്രിയാണ് ഗ്ലെൻ ക്ലോസ്
  • 4 തവണ വീതം മികച്ച നടിക്കും മികച്ച സഹനടിക്കുമുള്ള ഓസ്കാർ നോമിനേഷൻ ഗ്ലെൻ ക്ലോസിന് ലഭിച്ചിട്ടുണ്ട്
  • ലോക സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് ടോം ക്രൂസ്
Oscars 2023: ടോം ക്രൂസിനും, ജോണി ഡെപ്പിനും കിട്ടിയിട്ടില്ല; ഓസ്‌കാര്‍ ലഭിക്കാത്ത പ്രമുഖരിൽ ഇവരും

2023 ഓസ്കാർ വേദിയില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ താരമാണ് ബ്രെൻഡൻ ഫ്രേസർ. ദി വേൽ എന്ന  ചിത്രത്തിലെ പ്രകടനത്തിനാണ് അദ്ദേഹത്തിന് ഓസ്കാർ അവാർഡ് ലഭിച്ചത്. അക്കാഡമി അവാർഡ് എന്ന് കൂടി പേരുള്ള ഈ പുരസ്കാരം സിനിമാ ലോകത്തെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. നടീ നടന്മാരെ സംബന്ധിച്ചിടത്തോളം എല്ലാപേരുടെയും സ്വപ്നമാണ് ഒരു ഓസ്കാർ അവാർഡ് കരസ്ഥമാക്കുക എന്നത്. നിരവധി നടീ നടന്മാർക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

എന്നാൽ പല ചിത്രങ്ങളിലായി അവിസ്മരണീയ പ്രകടനങ്ങൾ കാഴ്ച്ച വച്ചിട്ടും ഓസ്കാർ അവാർഡ് ലഭിക്കാതെ പോയ നിരവധി നടീ നടന്മാർ ഉണ്ട്. ഇവരിൽ പലരും ഓസ്കാർ നോമിനേഷനിൽപ്പോലും പരിഗണിക്കപ്പെട്ടിട്ടില്ല എന്നതാണ് അതിശയകരം. ഇതിന് പല കാരണങ്ങൾ ഉണ്ട്. പ്രധാനമായും ഓസ്കാർ അവാർഡ് നൽകുന്നത് ഏതാനും വ്യക്തികളുടെ മാത്രം അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതാണ്. അക്കാഡമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആന്‍റ് സയൻസിലെ ഓരോ വർഷത്തെയും ജൂറി അംഗങ്ങളാണ് അവാർഡിനർഹരായ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്.

സംവിധായകർ, നിർമ്മാതാക്കൾ, നടീനടന്മാർ, മറ്റ് വ്യവസായികൾ എന്നിവരടങ്ങിയതാണ് ജൂറി. ഇതിൽ ഓരോ വ്യക്തികള്‍ നൽകുന്ന വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഓസ്കാറിന്‍റെ ഓരോ വിഭാഗത്തിലെയും വിജയികളെ നിശ്ചയിക്കുന്നത്. ജൂറി അംഗങ്ങളുടെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് അവരുടെ തീരുമാനം വ്യത്യസ്തമാകാൻ സാധ്യതയുണ്ട്. ഇതിന് പുറമേ രാഷ്ട്രീയവും അല്ലാത്തതുമായ ചില ഘടകങ്ങളും അവാർഡ് നിർണ്ണയത്തെ സ്വാധീനിക്കാറുണ്ട്. ഇതുവരെയും ഓസ്കാർ അവാർഡ് ലഭിക്കാത്ത ചില പ്രമുഖ അഭിനേതാക്കൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.  

1. ഗ്ലെൻ ക്ലോസ്

1970 കളുടെ മധ്യത്തിൽ ചലച്ചിത്ര രംഗത്തേക്ക് വന്ന് പിന്നീട് 80 കളിലും 90 കളിലും ഹോളിവുഡിലെ മിന്നുന്ന താരമായി മാറിയ അഭിനേത്രിയാണ് ഗ്ലെൻ ക്ലോസ്. നിരവധി അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ 8 തവണ ഓസ്കാർ നോമിനേഷന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒറ്റ തവണ പോലും ഇവർക്ക് അവാർഡിൽ മുത്തമിടാൻ സാധിച്ചിട്ടില്ല. 4 തവണ വീതം മികച്ച നടിക്കും മികച്ച സഹനടിക്കുമുള്ള ഓസ്കാർ നോമിനേഷൻ ഗ്ലെൻ ക്ലോസിന് ലഭിച്ചിട്ടുണ്ട്. ദി വൈഫ്, ഫെയ്റ്റർ അട്രാക്ഷൻ, ഡെയ്ഞ്ചറസ് ലിയാസിയൻസ്, ആല്ബർട്ട് നോബ്സ് എന്നീ ചിത്രങ്ങളിലൂടെയാണ് ഗ്ലെൻ ക്ലോസ് ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച്ച വച്ചത്. 

2. ടോം ക്രൂസ്

ലോക സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് ടോം ക്രൂസ്. അദ്ദേഹത്തിനും അദ്ദേഹം അഭിനയിച്ച സിനിമകൾക്കും ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. എന്നാൽ ടോം ക്രൂസിന് ഇന്നേവരെ ഒറ്റ ഓസ്കാർ അവാർഡ് പോലും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ ? മൊത്തം 3 തവണയാണ് ടോം ക്രൂസിന് ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ളത്. അതിൽ 2 തവണ മികച്ച നടനും ഒരു തവണ മികച്ച സഹ നടനുമുള്ള നോമിനേഷനായിരുന്നു. എന്നാൽ ഒരു തവണയും ഭാഗ്യം ടോം ക്രൂസിനെ തുണച്ചില്ല. ബോൺ ഓൺ ദി ഫോർത്ത് ഓഫ് ജൂലൈ, ജെറി മഗ്വയർ, മാഗ്നോളിയ എന്നീ ചിത്രങ്ങളിൽ ടോം ക്രൂസിന്‍റെ അഭിനയ മികവിന് പ്രേക്ഷകർ സാക്ഷ്യം വഹിച്ചതാണ്. 

3.  ഏമി ആഡംസ്

നിരവധി തവണ സഹ നടിയായും നായികയായും തിളങ്ങിയിട്ടുള്ള അഭിനേത്രിയാണ് ആമി ആഡംസ്. ഡിസി ആരാധകർക്ക് മാൻ ഓഫ് സ്റ്റീൽ, ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയാണ് ഈ അഭിനേത്രിയെ. ഒട്ടനവധി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഒരു തവണ പോലും ഓസ്കാർ അവാര്‍ഡ് കിട്ടാതെ പോയ നടിയാണ് ഏമി ആഡംസ്. ആറ് തവണയാണ് ഇവർക്ക് ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ളത്. അതിൽ 5 തവണ മികച്ച സഹനടിയായും ഒരു തവണ മികച്ച നടിയായുമാണ് പരിഗണിക്കപ്പെട്ടത്. അറൈവൽ, അമേരിക്കൻ ഹസിൽ, ദി ഫൈറ്റർ, ഡൗട്ട് എന്നിവയാണ് ഏമി ആഡംസ് മികച്ച പ്രകടനം കാഴ്ച്ച വച്ച ചില ചിത്രങ്ങൾ. 

4. ജോണി ഡെപ്പ്

നടൻ, നിർമ്മാതാവ്, സംഗീതജ്ഞൻ എന്നീ നിലകളിൽ ഹോളിവുഡിൽ തിളങ്ങിയ ആളാണ് ജോണി ഡെപ്പ്. ഇടയ്ക്ക് സ്വകാര്യ ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം ഇമേജ് ഒന്ന് മങ്ങി നിന്നെങ്കിലും ഇന്നും ലോകമെമ്പാടും നിരവധി ആരാദകരുള്ള താരമാണ് ജോണി ഡെപ്പ്. 3 തവണ മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചെങ്കിലും ഒറ്റ തവണ പോലും അദ്ദേഹം പുരസ്കാരത്തിനർഹനായിട്ടില്ല. പൈറേറ്റ്സ് ഓഫ് ദി കരീബിയൻ സീരീസ്, ഫൈന്‍റിങ്ങ് നെവർലാന്‍റ്, സ്വീനി ടോഡ് എന്നിവയാണ് ജോണി ഡെപ്പിന്‍റെ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രങ്ങൾ. 

5. വില്ല്യം ഡെഫോ

വില്ല്യം ഡെഫോർ എന്ന അതുല്ല്യ പ്രതിഭയ്ക്ക് ഇതുവരെ ഓസ്കാർ അവാർഡ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാൽ പലർക്കും അത് വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാല്‍ സത്യമാണ് മൂന്ന് തവണ മികച്ച സഹനടന് വേണ്ടിയും ഒരു തവണ മികച്ച നടന് വേണ്ടിയും ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുണെങ്കിലും ഒറ്റ തവണ പോലും വിജയത്തിലെത്താൻ വില്ല്യം ഡെഫോയ്ക്ക് സാധിച്ചിട്ടില്ല. വില്ലൻ, സൈക്കോ വേഷങ്ങൾ അവിസ്മരണീയമായി സ്ക്രീനിലെത്തിക്കുന്ന പ്രതിഭയാണ് അദ്ദേഹം. പ്ലാറ്റൂൺ, ഷാഡോ ഓഫ് ദി വാംപയർ, ദി ഫ്ലോറിഡാ പ്രോജക്ട്, അറ്റ് എറ്റേണിറ്റി ഗേറ്റ് എന്നിവയാണ് വില്ല്യം ഡെഫോ മികച്ച പ്രകടനം കാഴ്ച്ച വച്ച ചില ചിത്രങ്ങൾ. 

6. ഹെലെനാ ബോൺഹം കാർട്ടർ

ഹോളിവുഡിൽ തന്‍റെ മാനറിസവും അഭിനയ മികവും കൊണ്ട് ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ഹെലെനാ ബോൺഹം കാർട്ടർ. ഹാരി പോട്ടർ ചിത്രത്തിലുൾപ്പെടെ ഇവർ അവതരിപ്പിച്ച പല വേഷങ്ങളും ആരാധകർ നെഞ്ചിലേറ്റിയിട്ടുണ്ട്. ഹെലെനയുടെ ദി വിങ്സ് ഓഫ് ദി ഡോവ്, ദി കിംഗ്സ് സ്പീച്ച് എന്നീ ചിത്രങ്ങൾക്കാണ് ഓസ്കാർ നോമിനേഷൻ ലഭിച്ചത്. എന്നാൽ മികച്ച നടിയായും സഹനടിയായും ലഭിച്ച ഈ രണ്ട് നോമിനേഷനിലും അവർ പുരസ്കാരത്തിന് അർഹയായിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News