ബോളിവുഡ് സിനിമ മേഖലയെ വീണ്ടും ട്രാക്കിലെത്തിച്ച ചിത്രം പഠാന്‍ മൂന്ന് ദിവസങ്ങൾ കൊണ്ട് ഇന്ത്യയിൽ മാത്രം 200 കോടിയിലധികം കളക്ഷൻ നേടി. ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ആദ്യം മൂന്ന് ദിവസത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം നേടിയത് 201 കോടി രൂപയാണ്. കൂടാതെ വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 112 കോടി രൂപയുടെ കളക്ഷനും ചിത്രം സ്വന്തമാക്കി. അങ്ങനെ ആദ്യ മൂന്ന് ദിവസങ്ങളിലെ ചിത്രത്തിൻറെ ആകെ കളക്ഷൻ 313 കോടി രൂപയാണ്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ അതിവേഗം 200 കോടി ക്ലബിൽ കയറിയ ചിത്രമെന്ന റെക്കോഡും ഇതിലൂടെ പഠാന്‍ സ്വന്തമാക്കി.
കെജിഎഫ് 2 അഞ്ച് ദിവസങ്ങൾ കൊണ്ടും ബാഹുബലി 2 ആറ് ദിവസങ്ങൾ കൊണ്ടുമായിരുന്നു 200 കോടി ക്ലബിൽ കയറിയത്. ഷാരൂഖിനെ കൂടാതെ ദീപിക, ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ധാർഥ് ആനന്ദ് തന്നെ കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ഇത്. റിലീസിന് മുമ്പ് തന്നെ ചിത്രത്തിനെതിരെ നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. ആദിത്യ ചോപ്ര, അക്ഷയ് വിദാനി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത് വിശാൽ ശേയ്ഖർ എന്നിവർ ചേർന്നാണ്. പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത് അബ്ബാസ് തിരെവാലയാണ്.
പഠാൻ എന്ന ചിത്രം നാല് വർഷങ്ങൾക്ക് ശേഷം ഷാരൂഖിന് ബോളിവുഡിലേക്കുള്ള തിരിച്ച് വരവൊരുക്കിയ ചിത്രം മാത്രമല്ല. അദ്ദേഹത്തിന്‍റെ താരപദവി എത്രമാത്രം വലുതാണെന്ന് എല്ലാപേർക്കും ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് കൂടി ആയിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. യാഷ് രാജിന്‍റെ സ്പൈ യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമയാണ് പഠാൻ. ട്രൈലറിൽ കണ്ടതുപോലെ ജോൺ എബ്രഹാമിന്‍റെ നേതൃത്വത്തിലെ ഒരു ടെററിസ്റ്റ് ഗ്രൂപ്പ് ഇന്ത്യക്കെതിരെ ഒരു ആക്രമണം പദ്ധതിയിടുന്നു. അതിനെ ചെറുക്കാൻ ഇന്ത്യ ചുമതലപ്പെടുത്തുന്ന അവരുടെ മികച്ച ഏജന്‍റുമാരില്‍ ഒരാളാണ് പഠാൻ എന്ന ഷാരൂഖ് ഖാന്‍റെ കഥാപാത്രം.
തീവ്രവാദികളുടെ ഈ ആക്രമണം ചെറുക്കാൻ പഠാൻ എങ്ങനെ ശ്രമിക്കുന്നു, ആ യാത്രയിൽ പഠാനുണ്ടാകുന്ന വീഴ്ച്ചകൾ, ഉയർത്തെഴുന്നേൽപ്പുകൾ എല്ലാം അടങ്ങിയതാണ് ചിത്രത്തിന്‍റെ കഥാഗതി. നല്ല എൻഗേജിങ് ആയാണ് ചിത്രത്തിന്‍റെ തിരക്കഥ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്. സിനിമയുടെ ആദ്യ പകുതിയിലും അവസാനവുമെല്ലാം ചില ട്വിസ്റ്റുകൾ ഉണ്ട്. എന്നാൽ അവയെല്ലാം ഒരു ശരാശരി പ്രേക്ഷകന് ചിന്തിക്കാവുന്ന കാര്യങ്ങളായിരുന്നു.
സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് അതിലെ ആക്ഷൻ രംഗങ്ങളാണ്. ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെ സംഘട്ടന രംഗങ്ങളും ലൊക്കോഷനുകളുമാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ അവയെല്ലാം ധാരളമായിരുന്നു. സംഘട്ടന രംഗങ്ങളിൽ ഷാരൂഖ് ഖാൻ മികച്ച പ്രകടനം തന്നെ കാഴ്ച്ച വച്ചു. തന്‍റെ 57 ആം വയസ്സിലും ഇത്രയും മെയ് വഴക്കത്തോടെ സംഘട്ടന രംഗങ്ങളിൽ അഭിനയിക്കുന്ന ഷാരൂഖ് ഖാനെ സമ്മതിച്ചു കൊടുത്തേ മതിയാകൂ. ദീപിക പദുക്കോണിന്‍റെ റുബീന എന്ന കഥാപാത്രവും എടുത്ത് പറയേണ്ടതാണ്. നായകന് പിന്നിൽ നിൽക്കുന്ന വെറും നായികയല്ല ഈ ചിത്രത്തിലെ ദീപികയുടെ കഥാപാത്രം. ചില സ്ഥലങ്ങളിൽ നായകനെപ്പോലും പിന്നിലാക്കുന്ന പ്രകടനമാണ് ദീപിക പദുക്കോൺ കാഴ്ച്ച വച്ചത്. സംഘട്ടന രംഗങ്ങളും അവർ നല്ല രീതിയിൽ അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...