മുംബൈ : ഏറ്റവും കൂടുതൽ ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പഠാന്റെ ഡിജിറ്റൽ റൈറ്റുകൾ റെക്കോർഡ് തുകയ്ക്ക് വിറ്റ് പോയതായി റിപ്പോർട്ട്. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷൻസ് 200 കോടി രൂപക്ക് ആമസോൺ പ്രൈമിന് ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം നൽകിയതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ പഠാന്‍റെ നിർമ്മാതാക്കൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ബിഗ് ബജറ്റ് ബ്രഹ്മാണ്ട ചലച്ചിത്രം സിദ്ദാർത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാനോടൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2023 ജനുവരി 25നാണ് ഈ ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും പഠാൻ റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്‍റെ ഡിജിന്‍റൽ അവകാശം വിറ്റ് പോയതിനെപ്പറ്റി വന്ന വാർത്തയാണ് ബോളീവുഡിലെ ചൂടുപിടിച്ച ചർച്ചാ വിഷയം.
4 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഷാരൂഖ് ഖാൻ ചിത്രം തീയറ്ററുകളിൽ എത്തുന്നത്. 2018 ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ഷാരൂഖ് ഖാൻ അഭിനയ രംഗത്ത് നിന്നും കുറച്ച് നാൾ മാറി നിന്നിരുന്നു. 2023 ല്‍ റിലീസ് ചെയ്യുന്ന പഠാനിലൂടെയാണ് ഷാരൂഖ് ബോളീവുഡിൽ തന്‍റെ തിരിച്ച് വരവ് അറിയിക്കാൻ ഒരുങ്ങുന്നത്. കിംഗ് ഖാന്‍റെ തിരിച്ച് വരവിൽ ആരാധകർക്കൊപ്പം ചലച്ചിത്ര പ്രേമികളും വളരെയധികം കാത്തിരിക്കുന്നുണ്ട്.
പഠാനിൽ സൽമാൻ ഖാൻ തന്‍റെ പ്രശസ്തമായ ടൈഗർ എന്ന കഥാപാത്രമായി ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പഠാൻ കൂടാതെ രാജ്കുമാർ ഹിരാനി സംവിധാം ചെയ്യുന്ന ഡങ്കി എന്ന ചിത്രത്തിലും ആറ്റ്ലീയുടെ ആദ്യ ബോളീവുഡ് ചിത്രത്തിലും ഷാരൂഖ് നായകനായി എത്തുന്നുണ്ട്. 2023 ഡിസംബർ 22 നാണ് രാജ്കുമാർ ഹിരാനി ചിത്രമായ ഡങ്കി തീയറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിന് വേണ്ടിയുള്ള ഷാറൂഖ് ഖാന്റെ രൂപമാറ്റം ഇപ്പോഴും സസ്പെൻസായി തന്നെ നിലനിർത്തിയിരിക്കുകായണ് അണിയറ പ്രവർത്തകർ. ഡേറ്റ് അനൗൺസ്മെന്റ് വീഡിയോയിൽ ദീപികയും ജോൺ എബ്രാഹാമിനെയും അവതരിപ്പിച്ചെങ്കിലും കിങ് ഖാന്റെ ലുക്ക് പൂർണമായും പുറത്ത് വിടാതെയാണ് വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ആറ്റ്ലീ - ഷാരൂഖ് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഇതുവരെയും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.