ചെന്നൈ : മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവനെതിരെ കേസ് നൽകി അഭിഭാഷകൻ. ചിത്രത്തിൽ ആദിത്യ കരികാലനെയും മറ്റും തെറ്റായി ചിത്രീകരിച്ചുവെന്ന ആരോപിച്ചാണ് കേസ് നൽകിയിരിക്കുന്നത്. സെൽവം എന്ന അഭിഭാഷകനാണ് കോടതിയിൽ കേസ് നൽകിയത്. ശരിക്കുള്ള ചോളാ രാജാവ് ആദിത്യ കരികാലൻ തിലകക്കുറി അണിഞ്ഞിരുന്നില്ലെന്നും, എന്നാൽ ചിത്രത്തിൻറെ ടീസറിലും പോസ്റ്ററിലും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രം തിലകക്കുറി അണിയുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അഭിഭാഷകൻ ഹർജി നൽകിയത്. ഇത്തരം തെറ്റായ കൂട്ടിച്ചേർക്കലുകൾ ചിത്രത്തിൽ നൽകുന്നത് ചോളാ രാജക്കാരൻമാരെ കുറിച്ച് തെറ്റായ പരിവേഷം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചരിത്രത്തെ ഏതെങ്കിലും തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചിത്രീകരിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്താൻ റിലീസിന് മുമ്പ് പ്രത്യേക പ്രദർശനം നടത്തണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ചിത്രത്തിൻറെ ആദ്യ ഭാഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയൻ സെൽവനെ കരുതുന്നത്.
കൽക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ താരനിരയാണ് അണിനിരക്കുന്നത്. പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ. പത്താം നൂറ്റാണ്ടിൽ , ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.