ഉണ്ണിമുകുന്ദൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്നുള്ള കേസിൽ നടന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകൻ സൈബി ജോസ് വ്യക്തമാക്കി. കേസിൽ ഇനി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരി തന്നെ ഇമെയിൽ വഴി അറിയിക്കുകയായിരുന്നുവെന്ന് സൈബി ജോസ് പറഞ്ഞു. ഈ രേഖയാണ് താൻ കോടതിയിലെ ഹാജരാക്കിയതെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇമെയിലിന്റെ വിശദാംശങ്ങളും ഉടൻ തന്നെ കോടതിക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിലെ വിചാരണ നിർത്തിവെക്കാനുള്ള ഉത്തരവ് പിൻവലിച്ചതിനെ പിന്നാലെയാണ് സെബി ജോസ് വിശദീകരണവുമായി എത്തിയത്.
സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ സൈബി ജോസ് ആയിരുന്നു ഉണ്ണി മുകുന്ദൻ വേണ്ടി ഹാജരായത്. ഇരയുടെ അനുമതിയോ അറിവോ കൂടാതെ ഇരയുടെ പേരിൽ അഫിഡവിറ്റ് ഹാജരാക്കിയായിരുന്നു അനുകൂല വിധി നേടിയത്.
ഇത്തരത്തിൽ ഒരു അഫിഡവിറ്റ് ഹാജരാക്കിയത് അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. കൂടാതെ കേസ് കോടതിക്ക് പുറത്തുവെച്ച് ഒത്തു തീർപ്പാക്കിയെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി നേടിയത്. എന്നാൽ ഇത്തരത്തിൽ ഒരു ഒത്തുതീർപ്പ് ഉണ്ടായിട്ടില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇത്തരത്തിൽ ഒരുകാര്യം അനുവദിക്കാൻ ആകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതിന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറയണമെന്നും കോടതി അറിയിച്ചു. അതേസമയം സൈബി ജോസ് ഇന്ന് കോടതിയിൽ ഹാജരായില്ല, പകരം ഹാജരായത് ജൂനിയർ അഭിഭാഷകയായിരുന്നു. വ്യാജ രേഖ ചമയ്ക്കൽ ,കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ ഉണ്ടായെന്നും ഹൈക്കോടതി പരാമർശിച്ചു.
സംഭവത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി നടൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി. കേസ് പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന സൈബി ജോസ് നൽകിയ രേഖ വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചു.
വിദേശ മലയാളിയായ യുവതിയാണ് ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് മജിസ്‌ട്രേറ്റ് കോടതിയെയാണ് യുവതി സമീപിച്ചത്. തുടർന്ന് ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഉണ്ണി മുകുന്ദൻ ഹർജികൾ നൽകിയിരുന്നു. എന്നാൽ ഈ ഹർജികൾ കോടതി തള്ളുകയായിരുന്നു.
തുടർന്ന് 2021 ൽ ഈ കേസ് കോടതിയുടെ പുറത്തുവെച്ച് ഒത്തു തീർപ്പാക്കിയെന്ന് അറിയിച്ച് കൊണ്ട് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് സത്യവാങ്മൂലം നൽകുകയും വിചാരണയ്ക്ക് സ്റ്റേ വാങ്ങുകയും ചെയ്തു. പിന്നീട് പരാതിക്കാരി സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്റ്റേ നീട്ടുകയായിരുന്നു. തുടർന്നാണ് ഇന്ന് കേസിലെ സ്റ്റേ നീക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...