Vikram Vedha Movie : വിക്രം വേദ തമിഴ് നിന്നും ബോളിവുഡിലേക്കെത്തിയപ്പോൾ ബോക്സ് ഓഫീസിൽ കിതയ്ക്കുന്നോ?

Vikram Veda Movie Reveiw : ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലും ഡാൻസിലുമെല്ലാം ഹൃത്വിക് റോഷൻ തന്‍റെ കയ്യൊപ്പ് പതിപ്പിച്ചു.

Written by - Ajay Sudha Biju | Edited by - Jenish Thomas | Last Updated : Oct 2, 2022, 07:42 PM IST
  • മിഴിൽ വിജയ് സേതുപതി ട്രെന്‍റ് ആക്കിയ കഥാപാത്രത്തെ തന്‍റേതായ ശൈലിയിൽ വളരെ വ്യത്യസ്തമായിത്തന്നെ ഹൃത്വിക് അവതരിപ്പിച്ചിട്ടുണ്ട്.
  • ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലും ഡാൻസിലുമെല്ലാം ഹൃത്വിക് റോഷൻ തന്‍റെ കയ്യൊപ്പ് പതിപ്പിച്ചു.
  • മാധവൻ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രത്തിന്‍റെ പ്രത്യേക സ്വാഗ് എന്തുകൊണ്ടോ സെയ്ഫ് അലി ഖാനില്‍ കാണാൻ സാധിച്ചില്ല.
  • ആദ്യ ഷോ കഴിഞ്ഞത് മുതൽ വളരെ മികച്ച അഭിപ്രായങ്ങളാണ് വിക്രം വേദയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Vikram Vedha Movie : വിക്രം വേദ തമിഴ് നിന്നും ബോളിവുഡിലേക്കെത്തിയപ്പോൾ ബോക്സ് ഓഫീസിൽ കിതയ്ക്കുന്നോ?

2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്ക് വെള്ളിയാഴ്ച്ച തീയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. വിക്രം വേദ എന്ന പേരിൽത്തന്നെ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഹൃത്വിക് റോഷൻ, സെയ്ഫ് അലി ഖാൻ, രാധികാ ആപ്തെ തുടങ്ങി വൻ താരനിര തന്നെ അണിനിരത്തിയാണ് ഒരുക്കിയിരിക്കുന്നത്. തമിഴിൽ വിജയ് സേതുപതി അഭിനയിച്ച് അവിസ്മരണീയമാക്കിയ വേദ എന്ന ഡോൺ കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിച്ചത് സൂപ്പർ താരം ഹൃത്വിക് റോഷനായിരുന്നു. വേദയായി അക്ഷരാർത്ഥത്തിൽ ഹൃത്വിക് ജീവിച്ചു എന്ന് തന്നെ പറയാം. തമിഴിൽ വിജയ് സേതുപതി ട്രെന്‍റ് ആക്കിയ കഥാപാത്രത്തെ തന്‍റേതായ ശൈലിയിൽ വളരെ വ്യത്യസ്തമായിത്തന്നെ ഹൃത്വിക് അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലും ഡാൻസിലുമെല്ലാം ഹൃത്വിക് റോഷൻ തന്‍റെ കയ്യൊപ്പ് പതിപ്പിച്ചു. ചിത്രത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ വരുമ്പോൾ ഹൃത്വിക് റോഷൻ ഒരു കോളനിയിലൂടെ രക്ഷപ്പെടുന്ന രംഗം എടുത്ത് പറയേണ്ടതാണ്. വളരെ അനായാസം കെട്ടിടങ്ങൾക്ക് മുകളിലൂടെ ചാടിയും ഓടിയുമാണ് ഹൃത്വിക് ആ രംഗത്തിൽ അഭിനയിച്ചിട്ടുള്ളത്. തന്‍റെ 48 ആം വയസിലും പഴയ ധൂം 2 ലുള്ള അതേ മെയ് വഴക്കത്തോടെ ഈ രംഗങ്ങളിൽ അഭിനയിക്കുന്ന അദ്ദേഹത്തിലെ പ്രതിഭയെ അഭിനന്ദിച്ചേ മതിയാകൂ.  

എങ്കിലും മാധവൻ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രത്തിന്‍റെ പ്രത്യേക സ്വാഗ് എന്തുകൊണ്ടോ സെയ്ഫ് അലി ഖാനില്‍ കാണാൻ സാധിച്ചില്ല. ഒരു റഫ് ആന്‍റ് ടഫ് ആയുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷം സെയ്ഫ് ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മാധവന്‍റെ പ്രത്യേക ശൈലിയിലുള്ള സംഭാഷണങ്ങളും സ്റ്റൈലുമെല്ലാം സെയ്ഫിൽ നല്ലത് പോലെ മിസ്സ് ചെയ്തു. 

ALSO READ : Ponniyin Selvan Review: 28 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല; 'പൊന്നിയിൻ സെൽവൻ' ഇന്ത്യൻ സിനിമയുടെ അഭിമാനം

ആദ്യ ഷോ കഴിഞ്ഞത് മുതൽ വളരെ മികച്ച അഭിപ്രായങ്ങളാണ് വിക്രം വേദയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ ബോളിവുഡ് ക്രിട്ടിക്കായ തരൺ ആദർശിനെപ്പോലെയുള്ളവർ ഉൾപ്പെടെ വിക്രം വേദയുടെ രണ്ടാം വരവിനെ അഭിനന്ദിച്ചു. എങ്കിലും ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷൻ സാമാന്യം കുറവ് ആണെന്ന് പറയേണ്ടി വരും. ഒരു ആക്ഷൻ, മൾട്ടി സ്റ്റാർ ചിത്രമായിട്ട് പോലും ആദ്യ ദിനം വിക്രം വേദയ്ക്ക് ലഭിച്ചത് വെറും 10.50 കോടി രൂപയാണ്. ഇതോടെ ഈ വര്‍ഷം പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളിൽ ആറാം സ്ഥാനമാണ് വിക്രം വേദയ്ക്ക് ലഭിച്ചിരിക്കുന്നത്. ഹൃത്വിക്കിന്‍റെ മുൻ ചിത്രമായ വാറിന് ആദ്യ ദിവസം 50 കോടിയിലധികം രൂപ കളക്ട് ചെയ്യാൻ സാധിച്ചു എന്നതിനോട് ചേർത്ത് വായിക്കുമ്പോൾ വിക്രം വേദയ്ക്ക് എത്ര കുറഞ്ഞ തുകയാണ് ലഭിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കും. 

ഹൃത്വിക് റോഷൻ ചിത്രങ്ങൾക്ക് മികച്ച മാർക്കറ്റുള്ള കേരളത്തിൽ പോലും വിക്രം വേദയ്ക്ക് അടി പതറുന്നത് നമുക്ക് കാണാൻ സാധിക്കും. ആദ്യ ദിനം ചിത്രം കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് വെറും 4 ലക്ഷം രൂപയാണ്. 2014 ൽ പുറത്തിറങ്ങിയ ബാങ് ബാങ് എന്ന ഹൃത്തിക് ചിത്രം കേരളത്തിൽ നിന്ന് ആദ്യ ദിനം 1 കോടിയിലധികം തുക കളക്ട് ചെയ്തിരുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. നിലവിൽ ബോളിവുഡിലെ വമ്പൻ താരങ്ങളുടെ ചിത്രങ്ങൾക്ക് നേരിടുന്ന പരാജയം വിക്രം വേദയെയും വിടാതെ പിൻതുടരുന്നത് കാണാൻ സാധിക്കും. ഈ വര്‍ഷം പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ലാൽ സിങ്ങ് ഛദ്ദയും അക്ഷയ് കുമാർ ചിത്രം സാമ്രാട്ട് പൃഥ്വിരാജും ബോക്സ് ഓഫീസിൽ വമ്പൻ പരാജയം രുചിച്ചിരുന്നു. വരും ദിവസങ്ങളിൽ മികച്ച കളക്ഷൻ നേടാൻ വിക്രം വേദയ്ക്ക് സാധിച്ചില്ലെങ്കിൽ ഈ ചിത്രവും ഒരു പരാജയമായി മാറും എന്നാണ് ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News