സൗദി: തദ്ദേശീയമായി മിസൈല്‍ പ്രതിരോധ സംവിധാനം നിര്‍മ്മിക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നു. ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ നിരന്തരമായി സൗദിക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. സൗദിയുടെ വ്യോമ മേഖല സംരക്ഷിക്കുന്നതിനായി സ്കൈ ഗാര്‍ഡ് ഡ്രോണുകളും സൗദി നിര്‍മ്മിക്കും. വേള്‍ഡ് ഡിഫന്‍സ് ഷോയുടെ ഭാഗമായി ജനറല്‍ അതോറിറ്റി ഓഫ് മിലിറ്ററി ഇന്‍ഡസ്ട്രീസും സൗദി ഡിഫന്‍സും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.
പ്രതിരോധ മേഖലയിലെ തദ്ദേശവത്കരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2030-ഓടെ പ്രതിരോധ ഉപകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ചെലവിന്റെ 50 ശതമാനത്തിലധികം തദ്ദേശവത്കരിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെയാണ് സൗദിയുടെ മുന്നേറ്റം. ലോകത്തില്‍ ആയുധ ഇറക്കുമതി ഏറ്റവുമധികം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തിന്റെ തദ്ദേശവത്കവല്ക്കരണ യാത്രയില്‍ സൗദിയുടെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ജനറല്‍ അതോറിറ്റി ഓഫ് മിലിറ്ററി ഇന്‍ഡസ്ട്രീസ് താത്പര്യങ്ങളാണ് ഇതിന് പിന്നല്.
2022ല്‍ 45 ബില്യണ്‍ ഡോളറിലധികമാണ് സൈനിക ചെലവുകള്‍ക്കായി സൗദി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. താഡ് മിസൈലുകളുടെ അനുബന്ധ ഉപകരണങ്ങളും നിര്‍മ്മിക്കാന്‍ സൗദി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ലോഖീഡ് മാര്ട്ടിന് ഒരു ബില്യന്‍ ഡോളറിന്റെ നിക്ഷേപം സൗദി പ്രതിരോധ മേഖലയില്‍ നടത്തും. അമേരിക്കന്‍ താഡ് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. അമേരിക്കന്‍ പ്രതിരോധ മേഖലയിലെ റേതിയോണ്‍ ടെക്നോളജീസ് പാട്രിയോട്ട് മിസൈലിന്റെ ഭാഗങ്ങളും സൗദി അറബ്യയില്‍ നിന്ന് നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വേള്‍ഡ് ഡിഫന്‍സ് ഷോ
പ്രതിരോധ മേഖലയുടെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുന്നതിനായി സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് മിലിറ്ററി ഇന്‍ഡസ്ട്രീസ് സര്‍ക്കാരുകള്‍ക്കും വ്യവസായ മേഖലയക്കും വേണ്ടിയുള്ള സംഘടിപ്പിക്കുന്ന വേദിയാണ് വേള്‍ഡ് ഡിഫന്‍സ് ഷോ. പ്രതിരോധ, രാഷ്ട്ര നേതൃത്വ രംഗത്തെ ഉന്നത വ്യക്തിത്വങ്ങള്‍ക്കാണ് ഡിഫന്‍സ് ഷോയില്‍ പങ്കെടുക്കുന്നത്. സൗദി അറേബ്യയുമായി യുഎഇക്കുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധം പ്രതിഫലിപ്പിക്കുന്ന പവലിയനുമായി യുഎഇ പ്രതിരോധ കമ്പനികളും ഡിഫന്‍സ് ഷോയില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.