ലെപ്‌സീഗ്: യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. തുടക്കം മുതല്‍ ആവേശകരമായ മത്സരത്തില്‍ ഇന്‍ജുറി ടൈമിലാണ് പോര്‍ച്ചുഗല്‍ വിജയ ഗോള്‍ നേടിയത്.
എഫ് ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ ചെക്ക് റിപ്പബ്ലിക്കിനെ പല തവണ വിറപ്പിച്ചിരുന്നു. പെനാല്‍റ്റി ബോക്‌സിന് സമീപം പോര്‍ച്ചുഗല്‍ നിരവധി തവണ എത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ കാരണം ഗോള്‍ മാത്രം അകന്നു നിന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചെക്ക് ഡിഫന്‍ഡര്‍മാര്‍ വളഞ്ഞതോടെ പോര്‍ച്ചുഗലിന്റെ ആക്രമണം ദുര്‍ബലമായി. ഹെഡറിലൂടെയും ഷോട്ടുകളിലൂടെയും ഗോള്‍ നേടാനുള്ള റൊണാള്‍ഡോയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് റൊണാള്‍ഡോ ഗോള്‍ പോസ്റ്റിലേയ്ക്ക് ഒരു ഇടംകാലന്‍ ഷോട്ട് തൊടുത്തെങ്കിലും ഗോള്‍ കീപ്പര്‍ സേവ് ചെയ്തു.
ALSO READ: എഐ ഉൾപ്പെടെ നവീന സാങ്കേതിക വിദ്യകൾ; അടിമുടി മാറ്റത്തിനൊരുങ്ങി കേരള ബാസ്കറ്റ് ബോൾ
രണ്ടാം പകുതിയില്‍ ചെക്ക് റിപ്പബ്ലിക്കും ഉണര്‍ന്നു കളിച്ചതോടെ മത്സരം ആവേശകരമായി. 62-ാം മിനിട്ടില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ചെക്ക് റിപ്പബ്ലിക്ക് ആദ്യ ഗോള്‍ നേടി. ചെക്കിന് ലീഡ് ലഭിച്ചതോടെ വര്‍ധിത വീര്യത്തോടെ പോര്‍ച്ചുഗല്‍ ഗോളിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 69-ാം മിനിട്ടില്‍ നുനോ മെന്‍ഡിസിന്റെ ഹെഡറിനായുള്ള ശ്രമം ചെക്ക് ഗോള്‍ കീപ്പര്‍ സ്റ്റാനെക് തടഞ്ഞെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. തട്ടിത്തെറിച്ച പന്ത് ഡിഫന്‍ഡര്‍ റാനകിന്റെ കാലില്‍ തട്ടി സ്വന്തം വലയിലേയ്ക്ക് വീണു. ഇതോടെ മത്സരം സമനിലയിലെത്തി.
മത്സരം സമനിലയില്‍ തന്നെ കലാശിക്കും എന്ന് തോന്നിപ്പിച്ച സാഹചര്യത്തിലാണ് പോര്‍ച്ചുഗല്‍ ഡബിള്‍ സബ്‌സ്റ്റിറ്റിയൂഷന് മുതിര്‍ന്നത്. സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോയാണ് പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്. ഒപ്പം ഇറങ്ങിയ പെഡ്രോ നെറ്റോ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. നെറ്റോ നീട്ടി നല്‍കിയ ക്രോസ് തട്ടിയകറ്റുന്നതില്‍ ചെക്ക് ഡിഫന്‍ഡര്‍ക്ക് സംഭവിച്ച പിഴവാണ് കോണ്‍സെയ്‌സാവോയുടെ ഗോളിന് കാരണമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy