Asia Cup 2023: ഏഷ്യാ കപ്പ് ഓഗസ്റ്റ് 31 മുതല്‍; പാകിസ്താനും ശ്രീലങ്കയും വേദികളാകും

Asia Cup 2023 Dates Announced: 15 വർഷങ്ങൾക്ക് ശേഷമാണ് ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 06:35 PM IST
  • ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളാണ് ഏഷ്യാ കപ്പില്‍ മാറ്റുരയ്ക്കുക.
  • ആകെ 13 ഏകദിന മത്സരങ്ങളാണ് ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഉണ്ടാകുക.
  • പാകിസ്താനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.
Asia Cup 2023: ഏഷ്യാ കപ്പ് ഓഗസ്റ്റ് 31 മുതല്‍; പാകിസ്താനും ശ്രീലങ്കയും വേദികളാകും

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് ഓഗസ്റ്റ് 31ന് തുടക്കം. സെപ്റ്റംബര്‍ 17നാണ് കലാശപ്പോര് നടക്കുക. പാകിസ്താനും ശ്രീലങ്കയുമാണ് ഇത്തവണ ഏഷ്യാ കപ്പിന് വേദിയാകുക. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളാണ് ഏഷ്യാ കപ്പില്‍ മാറ്റുരയ്ക്കുക. ആകെ 13 ഏകദിന മത്സരങ്ങളാണ് ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഉണ്ടാകുക. പാകിസ്താനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിലാണ് (ഒരു ചാമ്പ്യന്‍ഷിപ്പിന് 2 രാജ്യങ്ങള്‍ വേദിയൊരുക്കും) മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഇതില്‍ 4 മത്സരങ്ങള്‍ പാകിസ്താനില്‍ നടക്കുമ്പോള്‍ പ്രധാന മത്സരങ്ങള്‍ ഉള്‍പ്പെടെ അവശേഷിക്കുന്ന 9 മത്സരങ്ങള്‍ക്ക് ശ്രീലങ്ക വേദിയാകും. 

ALSO READ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടി; ഗില്ലിന് കിട്ടിയത് എട്ടിന്റെ പണി

6 ടീമുകള്‍ 2 ഗ്രൂപ്പുകളിലായി അണിനിരക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്റുകളുള്ള 2 ടീമുകള്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേയ്ക്ക് യോഗ്യത നേടും. ഇവിടെ നിന്ന് 2 ടീമുകള്‍ ഫൈനലിലെത്തും. 15 വര്‍ഷത്തിന് ശേഷമാണ് ഏഷ്യാ കപ്പ് പാകിസ്താനിലേയ്ക്ക് തിരികെ എത്തുന്നത് എന്നതാണ് ഇത്തവണത്തെ സവിശേഷത.   

അതേസമയം, ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കുള്ള വേദിയെ ചൊല്ലി ഇന്ത്യയുടെയും പാകിസ്താന്റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ വലിയ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്താനില്‍ കളിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ വ്യക്തമാക്കിയിരുന്നു. ജെയ് ഷായുടെ പ്രസ്താവന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) ചൊടിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പിസിബി ഐസിസിയെ വരെ സമീപിച്ചിരുന്നു. 

ഏഷ്യാ കപ്പിന് പിന്നാലെ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുക. ലോകകപ്പ് വേദികളെ ചൊല്ലിയും ഇന്ത്യയും പാകിസ്താനും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ പാകിസ്താനില്‍ കളിക്കാന്‍ തയ്യാറായില്ലെങ്കില്‍ പാകിസ്താന്‍ താരങ്ങള്‍ ഇന്ത്യയില്‍ കളിക്കാനും തയ്യാറല്ലെന്നായിരുന്നു പാകിസ്താന്റെ നിലപാട്. ഏതായാലും ഏഷ്യാ കപ്പ് വേദികളുടെ കാര്യത്തില്‍ തീരുമാനമായതോടെ വൈകാതെ തന്നെ ഏകദിന ലോകകപ്പ് മത്സരക്രമങ്ങള്‍ ഐസിസി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. 

ഇന്ത്യയില്‍ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് ഏഷ്യാ കപ്പിന്റെ സംപ്രേഷണാവകാശം. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഏഷ്യാ കപ്പ് കാണാന്‍ അവസരം ഒരുക്കുമെന്ന് ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News