Ind vs Aus 3rd ODI: കപ്പടിച്ച് കലിപ്പടക്കാൻ ഇന്ത്യ, പോരാടാനുറച്ച് ഓസീസ്; നിർണായകമായ മൂന്നാം ഏകദിനം ഇന്ന്

India vs Australia 3rd ODI: മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം എത്തിയതിനാൽ ഇന്നത്തെ മത്സരമാണ് പരമ്പര വിജയികളെ നിർണയിക്കുക. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 10:10 AM IST
  • മിച്ചൽ സ്റ്റാർക്കിൻ്റെ തകർപ്പൻ ഫോമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
  • മിച്ചൽ മാർഷിൻ്റെ വെടിക്കെട്ട് ബാറ്റിംഗാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ബൌളർമാർക്ക് തലവേദനയായത്.
  • സൂര്യകുമാർ യാദവിന് ഒരു അവസരം കൂടി നൽകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Ind vs Aus 3rd ODI: കപ്പടിച്ച് കലിപ്പടക്കാൻ ഇന്ത്യ, പോരാടാനുറച്ച് ഓസീസ്; നിർണായകമായ മൂന്നാം ഏകദിനം ഇന്ന്

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം (1-1) എത്തിയതിനാൽ ഇന്നത്തെ മത്സരമാണ് പരമ്പര വിജയികളെ നിർണയിക്കുക. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. 

മിച്ചൽ സ്റ്റാർക്കിൻറെ പേസിനും സ്വിംഗിനും മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിയർക്കുന്ന കാഴ്ചയാണ് ആദ്യ രണ്ട് മത്സരങ്ങളിലും കാണാനായാത്. സ്റ്റാർക്ക് ഫോം തുടർന്നാൽ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് അത് വലിയ വെല്ലുവിളിയാകും. ബാറ്റിംഗ് നിരയിൽ മിച്ചൽ മാർഷിൻ്റെ വെടിക്കെട്ട് ബാറ്റിംഗിലാണ് ഓസീസിൻറെ പ്രതീക്ഷ. രണ്ട് മത്സരങ്ങളിൽ നിന്ന് 11 സിക്സറുകളാണ് മാർഷിൻറെ ബാറ്റിൽ നിന്ന് പിറന്നത്. 

ALSO READ: ഐപിഎല്ലിനെക്കാളും കാണികൾ പിഎസ്എല്ലിന്; അവകാശവാദവുമായി പിസിബി ചെയർമാൻ

ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് തുടങ്ങിയ പ്രതിഭാധനരായ താരങ്ങൾക്ക് ഇതുവരെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ കെ.എൽ രാഹുലിൻ്റെയും രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ മത്സരം ഇന്ത്യ കൈപ്പിടിയിലൊതുക്കിയെങ്കിലും രണ്ടാം മത്സരത്തിൽ ഓസീസ് കണക്ക് തീർത്തു. ഇന്ത്യയെ 117 റൺസിൽ ഒതുക്കിയ ശേഷം വെറും 11 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഓസ്ട്രേലിയ വിജയിച്ചു. 

ആദ്യ മത്സരത്തിൽ 9.5 ഓവറിൽ 49 റൺസ് വഴങ്ങി 3 വിക്കറ്റുകളും വിശാഖ പട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ 8 ഓവറിൽ 53 റൺസ് വഴങ്ങി 5 വിക്കറ്റുകളും വീഴ്ത്തിയ സ്റ്റാർക്കിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷ. വിരലിന് പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന സ്റ്റാർക്ക് ബോർഡർ ഗവാസ്കർ ട്രോഫിയിലാണ് ടീമിൽ മടങ്ങിയെത്തിയത്. ടെസ്റ്റ് പരമ്പരയിൽ കാര്യമായ സംഭാവന ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഏകദിന പരമ്പരയിൽ താൻ ഇപ്പോഴും അപകടകാരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

അതേസമയം, രണ്ട് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായ സൂര്യകുമാ‍‍ർ യാദവിന് വീണ്ടും അവസരം നൽകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സ്റ്റാ‍ർക്കിൻ്റെ ഇൻസ്വിം​ഗറിന് മുന്നിൽ സമാനമായ രീതിയിലാണ് രണ്ട് തവണയും സൂര്യകുമാ‍‍ർ യാ​ദവ് കീഴടങ്ങിയത്. 

ഇന്ത്യ-ഓസ്ട്രേലിയ സാധ്യതാ ടീം

ഇന്ത്യ: രോഹിത് ശർമ (c), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ (WK), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ് / വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് (c), മിച്ചൽ മാർഷ്, അലക്‌സ് ക്യാരി (WK), കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, സീൻ ആബട്ട്/ആഷ്ടൺ അഗർ/നഥാൻ എല്ലിസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News