ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ് ടി-20; ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍!!

വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പ൦ മലയാളി താരം സഞ്ജു സാംസണും!

Sneha Aniyan | Updated: Nov 27, 2019, 01:01 PM IST
 ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ് ടി-20; ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍!!

ന്യൂഡല്‍ഹി: വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പ൦ മലയാളി താരം സഞ്ജു സാംസണും!

ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രഖ്യാപനം. പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് സഞ്ജു സാംസണ്‍ ടീമിലെത്തിയത്. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരയിലെ രണ്ടാം മത്സരം തിരുവനന്തപുരത്താണ് നടക്കുന്നത്. 

ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ സഞ്ജുവിന് കളിക്കനായാല്‍ അത് താരത്തിനും ആരാധകര്‍ക്കും സ്വപ്ന സാക്ഷാത്കാരത്തിന്‍റെ ദിനമാകും. ഡിസംബര്‍ ആറു മുതല്‍ പതിനൊന്ന് വരെയാണ് വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ട്വന്‍റി-20 മത്സരങ്ങള്‍ നടക്കുക. 

നേരത്തെ നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നു. എന്നാല്‍, ഒരു മത്സരം പോലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യ പരമ്പര 2–1ന് സ്വന്തമാക്കിയിരുന്നു. 

ദേശീയ ടീമിൽ ഇടം കിട്ടിയ സഞ്ജുവിനെ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കാത്തതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നീട്, വെസ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി-20 ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും  സഞ്ജുവിനെ പരിഗണിച്ചില്ല. 

എം.എസ്.കെ പ്രസാദിന്‍റെ നേതൃത്വത്തില്‍  നടന്ന അവസാന യോഗത്തിലാണ് സഞ്ജു പുറത്തായത്. പലതവണയായി മൂന്നു വട്ടം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും സഞ്ജുവിന് ഇതുവരെ രാജ്യാന്തര തലത്തിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.

2015ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ട്വന്‍റി 20 മത്സരം കളിച്ചത്. ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരേ ഒരൊറ്റ മത്സരമാണ് സഞ്ജു ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചത്. 

ശിഖര്‍ ധവാന്‍റെ പരിക്ക്:

സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റത്. ഡല്‍ഹി - മഹാരാഷ്ട്ര മത്സരത്തില്‍ ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ധവാന്റെ തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. 

തുടയ്‌ക്കേറ്റ മുറിവില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഷെയ്ന്‍ വാട്ട്‌സണ് സംഭവിച്ച പരിക്കിന് സമാനമാണ് ധവാന്റെ പരിക്കും.