തിരുവനന്തപുരം : ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം നടക്കാൻ പോകുന്നത്. കാര്യവട്ടത്ത് നടക്കാൻ പോകുന്ന നാലാമത്തെ അന്തരാഷ്ട്ര മത്സരമാണ് സെപ്റ്റംബർ 28ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ട്വന്റി 20 മത്സരം. ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് കാര്യവട്ടത്ത് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസമാണ് മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഔദ്യോഗിക ഉദ്ഘാടനം ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരവും മുൻ രാജ്യസഭ എംപയുമായ സുരേഷ് ഗോപി നിർവഹിച്ചത്.
ടിക്കറ്റുകളുടെ വില
മൂന്ന് ടയർ നിരക്കിലാണ് ടിക്കറ്റുകളുടെ വിൽപന. 1500 രൂപയാണ് ഏറ്റവും നിരക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക്. 2750 രൂപയ്ക്ക് പവലിയൻ ടിക്കറ്റും. 6000 രൂപയ്ക്ക് കെസിഎയുടെ ഗ്രാൻഡ് സ്റ്റാൻഡ് (ഭക്ഷണം അടക്കമാണ്) എന്നിങ്ങിനെയാണ് ടിക്കറ്റുകളുടെ വില. കൂടാതെ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് ലഭിക്കുന്നതാണ്. 1500 രൂപയുടെ ടിക്കറ്റ് 750 രൂപ നിരക്കിൽ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്സഷന് ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. ജിഎസ്ടിയും വിനോദ നികുതിയും ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക് അവസാനം ലഭിക്കുക.
ALSO READ : IND vs AUS : മൊഹാലി ടി20 ; ഡെത്ത് ഓവറുകൾ പാളി; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യക്ക് തോൽവി
ടിക്കറ്റുകൾ എങ്ങനെ ലഭിക്കും?
പേടിഎം ഇൻസൈഡർ എന്ന വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ് വിൽപന നടത്തുന്നത്. ഒരു ഐഡിയിൽ നിന്നും ഒരാൾക്ക് പരമാവധി മൂന്ന് ടിക്കറ്റുകൾ മാത്രമെ ലഭിക്കു. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങുന്നതിനായി അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി. ആവശ്യക്കാര്‍ക്ക് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ടിക്കറ്റ് എടുക്കാവുന്നതാണെന്ന് കെസിഎ അറിയിച്ചിരുന്നു.
പേടിഎം ഇൻസൈഡറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് നിങ്ങളുടെ ലൊക്കേഷൻ തിരുവനന്തപുരം എന്ന് കൊടുക്കുക. കൊച്ചി ആയാലും ടിക്കറ്റ് ലഭിക്കുന്നതാണ്. തുടർന്ന് കാണുന്ന ലിസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം തിരഞ്ഞെടുക്കുക. ശേഷം നിങ്ങൾ എടുക്കാൻ തീരുമാനിച്ചിരിക്കുന്ന ടിക്കറ്റ് വിഭാഗം തിരഞ്ഞെടുക്കുക. 6000 രൂപയുടെ കെസിഎയുടെ ഗ്രാൻഡ് സ്റ്റാൻഡ് ഒഴികെ ടെറസ്, പവലിയൻ ടിക്കറ്റുകൾ എടുക്കുന്നവർ ഇരിപ്പടത്തിന്റെ ഇടം തിരഞ്ഞെടുക്കുക. ഒപ്പം എത്ര ടിക്കറ്റുകൾ എടുക്കുന്നുയെന്നും രേഖപ്പെടുത്തുക. ഒരു ഐഡിയിൽ നിന്നും പരമാവധി മൂന്ന് ടിക്കറ്റുകൾ മാത്രമെ എടുക്കാൻ സാധിക്കു. ശേഷം വരുന്ന സ്ക്രീനിൽ നിങ്ങളുടെ ഇമെയിൽ ഐഡി നൽകി പണമിടപാട് നടത്തുക. ഓൺലൈൻ വഴി മാത്രമെ ഇടപാട് സാധ്യമാകൂ.
ഇരുടീമുകളും 26ന് തിരുവനന്തപുരത്തെത്തും. കോവളം ലീലാ റാവിസിലാണ് ടീമുകളുടെ താമസം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മത്സരം കാണാനെത്തുമെന്ന് കെസിഎ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.