IPL 2023 : അടുത്ത ഐപിഎൽ സീസൺ മാർച്ചിൽ; താരലേലം ഡിസംബറിൽ എന്ന് റിപ്പോർട്ട്

IPL Auction 2023 : ഇത്തവണ കോവിഡ് 19ന് മുമ്പുള്ള ഹോം എവെ മാച്ച് എന്നീ ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ടീമുകളെ അറിയിച്ചു

Written by - Jenish Thomas | Last Updated : Sep 23, 2022, 05:32 PM IST
  • ലേലം എവിടെ വെച്ച് നടത്തുമെന്ന് ഇനിയും തീരുമാനമാകാൻ ഉണ്ട്.
  • ഐപിഎൽ 2022 താരലേലം ബെംഗളൂരുവിൽ വെച്ചായിരുന്നു.
  • കൂടാതെ ഐപിഎൽ 2022 സീസൺ മാർച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്
  • ഇത്തവണ കോവിഡ് 19ന് മുമ്പുള്ള ഹോം എവെ മാച്ച് എന്നീ ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക
IPL 2023 : അടുത്ത ഐപിഎൽ സീസൺ മാർച്ചിൽ; താരലേലം ഡിസംബറിൽ എന്ന് റിപ്പോർട്ട്

IPL 2023 Auction : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 എഡിഷന്റെ താരലേല നടപടികൾ ഈ വർഷം ഡിസംബർ മധ്യത്തോടെ നടത്താൻ ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ (ബിസിസിഐ) പദ്ധതിയിടുന്നുയെന്ന് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ഡിസംബർ 16 ഓടെ ലേലം നടത്താനാണ് ബിസിസിഐയും ഐപിഎൽ ഗെവേർണിങ് കമ്മിറ്റിയും ഫ്രാഞ്ചൈസികളും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയിൽ തീരുമാനമായത്. കഴിഞ്ഞ തവണ മെഗാ താരലേലമായതിനാൽ ഇത്തവണ മിനി-ഓക്ഷൻ നടപടികളാകും ബിസിസിഐ തീരുമാനിക്കുക. ലേലം എവിടെ വെച്ച് നടത്തുമെന്ന് ഇനിയും തീരുമാനമാകാൻ ഉണ്ട്. ഐപിഎൽ 2022 താരലേലം ബെംഗളൂരുവിൽ വെച്ചായിരുന്നു. 

കൂടാതെ ഐപിഎൽ 2022 സീസൺ മാർച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് ക്രിക്കറ്റ് മാധ്യമമായ ക്രിക് ബസ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇത്തവണ കോവിഡ് 19ന് മുമ്പുള്ള ഹോം എവെ മാച്ച് എന്നീ ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ടീമുകളെ അറിയിച്ചുയെന്ന് ക്രിക്കറ്റ് മാധ്യമം തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ലേലത്തിൽ ഒരു ടീമിന് പരമാവധി 95 കോടി വരെ ചെലവാക്കാം. എന്നാൽ സീസണിൽ തുടരണമെങ്കിൽ അഞ്ച് കോടി പഴ്സിൽ തന്നെ നിലനിർത്തണം. അതായത് കണക്ക് പ്രകാരം ഒരു ടീമിന് 90 കോടി മാത്രമെ ലേലത്തിൽ ചെലവാക്കാൻ സാധിക്കൂ. കൂടാതെ ഫ്രാഞ്ചൈസികൾ തങ്ങളുടെ താരത്തെ ലേലത്തിലേക്കോ മറ്റ് ടീമുകൾക്കോ വിട്ട് നൽകിയാൽ അതിന് അനുസരിച്ച് ടീമുകളുടെ കീശ വർധിപ്പിക്കാവുന്നതാണ്. 

ALSO READ : ICC New Rules : മങ്കാദിങ്ങിനെ ഇനി ആരും കുറ്റം പറയണ്ട; പന്ത് മിനുക്കാൻ ഉമിനീരും പാടില്ല; ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തി ഐസിസി

റിപ്പോർട്ട് പ്രകാരം ഡിസംബറിൽ ലേലം നടപടികൾ നടത്താൻ തീരുമാനിച്ചാൽ ഉടൻ തന്നെ ഐപിഎൽ ഫ്രാഞ്ചൈസികൾ താരങ്ങളെ കൈമാറാനുള്ള നടപടികൾ ആരംഭിച്ചേക്കും. നിലവിൽ എല്ലാവരും ലക്ഷ്യമിടുന്നത് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയാണ്. ചെന്നൈ സൂപ്പർ കിങ്സ് മാനേജുമെന്റുമായി ഇടഞ്ഞ് നിൽക്കുന്ന ജഡേജയെ സ്വന്തമാക്കാനുള്ള നടപടികൾ ഒന്ന് രണ്ട് ടീമുകൾ ശ്രമിച്ചതായി ക്രിക് ബസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത് ടൈറ്റൻസ് സിഎസ്കെയും താരങ്ങളെ തമ്മിൽ കൈമാറാൻ ചർച്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഗുജറാത്ത് തങ്ങളുടെ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ ദക്ഷിണേന്ത്യൻ ടീമിന് നൽകി ജഡേജയെ സ്വന്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചുയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉടലെടുത്ത റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ചുള്ള അഭ്യുഹങ്ങൾ ഇരു ടീമുകളും നിഷേധിച്ചിരുന്നു. 

ജിടിയെ കൂടാതെ ഡൽഹി ക്യാപിറ്റൽസും മുൻ ചെന്നൈ ക്യാപ്റ്റന് വേണ്ടി സിഎസ്കെയെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ജഡേജയുമായി പിരിയാൻ ടീം ഉദ്ദേശിച്ചിട്ടില്ലെന്ന് സിഎസ്കെ മാനേജ്മെന്റ് ഈ അഭ്യുഹങ്ങൾക്കെതിരായി അറിയിക്കുകയും ചെയ്തു. അതിനിടെ നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ഗുജറാത്തിന്റെ രണ്ട് താരങ്ങളെ ആവശ്യപ്പെട്ട് ചില ടീമുകൾ ജിടി മാനേജ്മെന്റിനെ സമീപിച്ചതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഹമ്മദബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീമിന്റെ ഓൾ റൗണ്ടർ താരം രാഹുൽ തേവാട്ടിയ ആർ സായി കിഷോർ എന്നിവർക്കായി ചില ടീമുകൾ ഐപിഎൽ ചാമ്പ്യന്മാരെ സമീപിച്ചതായിട്ടാണ് റിപ്പോർട്ട്. ലേലം നടക്കുന്ന ഒരാഴ്ച മുമ്പ് വരെ താരങ്ങളെ വിൽക്കാനും കൈമാറ്റം ചെയ്യാനും ഫ്രാഞ്ചൈസികൾക്ക് സാധിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News