IPL 2023: ഐപിഎല്ലില്‍ ഇന്ന് ജീവന്‍ മരണ പോരാട്ടം; പഞ്ചാബും ഡല്‍ഹിയും നേര്‍ക്കുനേര്‍

DC vs PBKS predicted 11: പ്ലേ ഓഫിലെത്താൻ വിദൂര സാധ്യത മാത്രമുള്ള ഡൽഹി രണ്ടും കൽപ്പിച്ചാകും ഇന്ന് പഞ്ചാബിനെതിരെ കളത്തിലിറങ്ങുക. 

Written by - Zee Malayalam News Desk | Last Updated : May 13, 2023, 04:34 PM IST
  • 11 കളികളില്‍ 4 വിജയങ്ങള്‍ മാത്രമുള്ള ഡല്‍ഹി 10-ാം സ്ഥാനത്താണ്.
  • ഈ സീസണില്‍ മികച്ച തുടക്കം ലഭിച്ച ടീമുകളില്‍ ഒന്നാണ് പഞ്ചാബ്.
  • മത്സരം കടുത്തതോടെ പഞ്ചാബിന്റെ താളം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാനായത്.
IPL 2023: ഐപിഎല്ലില്‍ ഇന്ന് ജീവന്‍ മരണ പോരാട്ടം; പഞ്ചാബും ഡല്‍ഹിയും നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിക്കാതിരിക്കാന്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. ജയം മാത്രം ലക്ഷ്യമിട്ട് ഡൽഹിയും പഞ്ചാബും ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് പ്രതീക്ഷ. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിൻറെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താനാകും ഡൽഹിയുടെ ശ്രമം.

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. എന്നാല്‍, കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹിയ്ക്ക് ഇപ്പോഴും വിദൂര സാധ്യതയുണ്ട്. അതിനാല്‍, പഞ്ചാബിനെ മുട്ടുകുത്തിച്ച് വിജയവഴിയില്‍ തിരിച്ചെത്താന്‍ ഉറച്ചാകും ഡല്‍ഹി ഇന്ന് ഇറങ്ങുന്നത്. മോശം തുടക്കത്തോടെ സീസണ്‍ ആരംഭിച്ച ഡല്‍ഹി പിന്നീട് ഫോമിലേയ്ക്ക് ഉയര്‍ന്നിരുന്നു. നിലവില്‍ 11 കളികളില്‍ 4 വിജയങ്ങള്‍ മാത്രമുള്ള ഡല്‍ഹി 10-ാം സ്ഥാനത്താണ്. 

ALSO READ: 'ഇപ്പൊ കിട്ടിയേനെ ഒരു അടി', തല ധോണിയുടെ തമാശകൾ; വീഡിയോ വൈറൽ

ഈ സീസണില്‍ മികച്ച തുടക്കം ലഭിച്ച ടീമുകളില്‍ ഒന്നാണ് പഞ്ചാബ്. എന്നാല്‍, മത്സരം കടുത്തതോടെ പഞ്ചാബിന്റെ താളം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാനായത്. 11 കളികളില്‍ 5 വിജയങ്ങളുള്ള പഞ്ചാബ് നിലവില്‍ 8-ാം സ്ഥാനത്താണ്. ഇന്ന് വിജയിക്കാനായാല്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടന്ന് പഞ്ചാബിന് 5-ാം സ്ഥാനത്ത് എത്താം. വിജയിച്ചില്ലെങ്കില്‍ പ്ലേ ഓഫിലെത്താനുള്ള പഞ്ചാബിനുള്ള മോഹങ്ങള്‍ക്കും അത് വലിയ തിരിച്ചടിയായി മാറും. 

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡല്‍ഹിയില്‍ അങ്ങിങ്ങായി മഴ ലഭിച്ചതിനാല്‍ ഇന്നത്തെ മത്സരത്തിലും മഴ വില്ലനാകുമോ എന്നാണ് ആരാധകരുടെ ആശങ്ക. എന്നാല്‍ ആശങ്കയ്ക്ക് വകയില്ലെന്നും 32 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉണ്ടാകുമെന്നും Accweather.com അറിയിച്ചു. 

താരതമ്യേന ചേസിംഗ് ടീമിന് അനുകൂലമായ പിച്ചാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലേത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ശരാശരി 168 റണ്‍സാണ് സ്‌കോര്‍ ചെയ്യാറുള്ളത്. അതിനാല്‍ ടോസ് നേടുന്ന ടീം ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. 

ഡേവിഡ് വാര്‍ണറെ പിടിച്ചുകെട്ടുക എന്നതാകും പഞ്ചാബിന്റെ ആദ്യ ലക്ഷ്യം. വാര്‍ണര്‍ക്കെതിരെ സാം കറന് മികച്ച റെക്കോര്‍ഡുണ്ട്. ഈ സീസണില്‍ സാം കറന്റെ 34 പന്തുകള്‍ നേരിട്ട വാര്‍ണര്‍ക്ക് വെറും 26 റണ്‍സ് മാത്രമാണ് നേടാനായത്. മറുഭാഗത്ത്, ശിഖര്‍ ധവാന്റെ ഫോമിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ ധവാന്‍ നെറ്റ്‌സില്‍ കഠിന പരിശീലനം നടത്തിയിരുന്നു. 

സാധ്യതാ ടീം

ഡല്‍ഹി ക്യാപിറ്റല്‍സ് സാധ്യതാ ഇലവന്‍ (ഇംപാക്ട് സബ് ഉള്‍പ്പെടെ): ഡേവിഡ് വാര്‍ണര്‍, ഫില്‍ സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, റിലീ റോസോ / റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, അമന്‍ ഖാന്‍, ലളിത് യാദവ്, റിപാല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ്മ

പഞ്ചാബ് കിംഗ്‌സ് സാധ്യതാ ഇലവന്‍ (ഇംപാക്ട് സബ് ഉള്‍പ്പെടെ): ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ്മ, ലിയാം ലിവിംഗ്സ്റ്റണ്‍, സിക്കന്ദര്‍ റാസ, സാം കറന്‍, ഷാരൂഖ് ഖാന്‍, ഋഷി ധവാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, നഥാന്‍ എല്ലിസ്.

മത്സരം എവിടെ കാണാം? 

ഐപിഎല്ലിന്റെ ലൈവ് സ്ട്രീമിംഗ് ജിയോ സിനിമ ആപ്പിലൂടെ കാണാം. ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അവകാശങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് സ്വന്തമാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News