ഐപിഎൽ മത്സരങ്ങൾ പുരോഗമിക്കവെ പോയിൻറ് പട്ടികയിൽ മുന്നിലെത്താൻ ടീമുകൾ തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 8 പോയിൻറുകളുമായി പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കെ.എൽ രാഹുൽ നയിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്‌സ് 8 പോയിൻറുമായി രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം പഞ്ചാബിനെ പരാജയപ്പെടുത്തിയതോടെ ചെന്നൈ സൂപ്പർ കിംഗ്‌സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്‌സ് എന്നീ നാല് ടീമുകളോടൊപ്പം ബെംഗളൂരുവിനും 6 പോയിൻറുകളായി.
ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയത്തോടെ പോയിന്റ് പട്ടികയിൽ ആർസിബി അഞ്ചാം സ്ഥാനത്താണ്. അതേസമയം, ഡൽഹി ക്യാപിറ്റൽസാകട്ടെ 6 മത്സരങ്ങളിൽ നിന്ന് ഒരു ജയവുമായി പത്താം സ്ഥാനത്ത് തുടരുകയാണ്. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ നായകൻ ഫാഫ് ഡു പ്ലെസിക്ക് പരിക്കേറ്റതിനാൽ 464 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലി ആർസിബിയുടെ നായക സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തി.
ALSO READ: കുതിപ്പ് തുടരാൻ ചെന്നൈ, കിതപ്പ് മാറ്റാൻ ഹൈദരാബാദ്; ചെപ്പോക്കിൽ ഇന്ന് വാശിക്കളി
ചെപ്പോക്കിൽ നടക്കുന്ന അടുത്ത മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാൽ എം.എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള രാജസ്ഥാൻ, ലക്നൌ എന്നീ ടീമുകൾക്കൊപ്പം എത്താനാകും. മറുവശത്ത്, പഞ്ചാബും കൊൽക്കത്തയും പോയിന്റ് പട്ടികയിൽ 7, 8 സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.
ഓറഞ്ച് ക്യാപ്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻറെ നായകൻ ഫാഫ് ഡു പ്ലെസിയാണ് നിലവിൽ ഓറഞ്ച് ക്യാപ് കൈവശപ്പെടുത്തിയിരിക്കുന്നത്. 6 മത്സരങ്ങളിൽ നിന്ന് 4 അർധ സെഞ്ച്വറികൾ സഹിതം 343 റൺസാണ് ഡുപ്ലസിയുടെ സമ്പാദ്യം. 166.5 ആണ് ഡുപ്ലസിയുടെ സ്‌ട്രൈക്ക് റേറ്റ്. ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ഓറഞ്ച് ക്യാപിനുള്ള മത്സരത്തിൽ രണ്ടാം സ്ഥാനത്ത്. 6 കളികളിൽ നിന്ന് 4 അർധ സെഞ്ച്വറികൾ സഹിതം 285 റൺസാണ് വാർണർ അടിച്ചു കൂട്ടിയത്. 6 കളികളിൽ നിന്ന് 4 അർധ സെഞ്ച്വറികൾ സഹിതം 279 റൺസുമായി വിരാട് കോഹ്‌ലി ഓറഞ്ച് ക്യാപ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
പർപ്പിൾ ക്യാപ്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻറെ പേസർ മുഹമ്മദ് സിറാജാണ് നിലവിൽ പർപ്പിൾ ക്യാപ് കയ്യടക്കിയിരിക്കുന്നത്. 6 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റ് നേടിയ സിറാജ് ലക്നൌവിൻറെ പേസർ മാർക്ക് വുഡിനെ മറികടന്നു. 4 മത്സരങ്ങളിൽ നിന്ന് മാർക്ക് വുഡ് 11 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. രാജസ്ഥാൻറെ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ 6 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുമായി മൂന്നാം സ്ഥാനത്തും ഗുജറാത്തിൻറെ ലെഗ് സ്പിന്നർ റാഷിദ് ഖാൻ 5 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ് നേടി നാലാം സ്ഥാനത്തും തുടരുന്നു. ഡൽഹിക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തി കൊൽക്കത്തയുടെ ഓഫ് സ്പിന്നർ വരുൺ ചക്രവർത്തി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. നിലവിൽ 6 മത്സരങ്ങളിൽ നിന്ന് വരുൺ 9 വിക്കറ്റ് നേടിയിട്ടുണ്ട്.പഞ്ചാബിൻറെ പേസർ അർഷ്ദീപ് സിംഗ് 6 കളികളിൽ നിന്ന് 9 വിക്കറ്റുമായി എട്ടാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...