കൊച്ചി : നാടകീയ സംഭവങ്ങളുടെ പശ്ചാതലത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന്റെ പ്ലേ ഓഫിൽ നിന്നും പുറത്തായതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് കൊച്ചിയിൽ മടങ്ങിയെത്തും. ഇന്ന് മടങ്ങിയെത്തുന്ന ബ്ലാസ്റ്റേഴ്സ് ടീമിനും കോച്ച് ഇവാൻ വുകോമാനോവിച്ചിനും ഗംഭീര സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് മഞ്ഞപ്പടയുടെ ആരാധകർ. ഉച്ചയ്ക്ക് ശേഷം 1.30ന് കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ചേരുന്ന ബ്ലാസ്റ്റേഴ്സ് ടീമിന് വൻ സ്വീകരണം നൽകുന്നതിന് വേണ്ടി അണിനിരയ്ക്കാൻ മഞ്ഞപ്പട ഗ്രൂപ്പ് ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുകയാണ്.
മഞ്ഞപ്പടയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
"മഞ്ഞപ്പടയാളികളേ..
'കപ്പ് നേടുന്നതിനേക്കാള്‍ വലിയ അഭിമാനമാണ് കാലങ്ങളായി തുടർന്ന് വന്ന നെറികേടിനെതിരെ അന്തസ്സോടെ പ്രതികരിച്ചുള്ള മടക്കം.
മലയാളികളുടെ അഭിമാനമായ പടനായകനേയും പോരാളികളെയും സ്വീകരിക്കാന്‍ നിങ്ങളും അണിനിരക്കുക..
ഇന്ന് ഉച്ചയ്ക്ക് 1.30ന് നെടുമ്പാശ്ശേരി എയർപോർട്ടില്‍" എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ കെബിഎഫ്സി മഞ്ഞപ്പട ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.
പ്ലേ ഓഫിലെ വിവാദം
ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദമാണ് കഴിഞ്ഞ രാത്രിയിൽ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഇരുപകുതിയും സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്ര ടൈമിലേക്ക് നീണ്ടു. മത്സരത്തിന്റെ അധിക സമയത്ത് പിറന്ന വിവാദ ഗോളിൽ പ്രതിഷേധിച്ചാണ് ബ്ലാസ്റ്റേഴ്സ് സീസണിന്റെ പ്ലേ ഓഫിൽ നിന്നും പുറത്താകുന്നത്. 94-ാം മിനിറ്റിൽ ഛേത്രിയെ ഫൗൾ ചെയ്തതിന് ബിഎഫ്സിക്ക് അനുകൂലമായി ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് ഫ്രീകിക്ക് ലഭിച്ചു.
ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഫ്രീ കിക്ക് പ്രതിരോധിക്കുന്നതിനായി അണിനിരക്കുന്നതിനും റഫറി വിസ്സിൽ മുഴക്കുന്നതിന് മുമ്പായിട്ട് ഛേത്രി പന്ത് കേരളത്തിന്റെ പോസ്റ്റിലേക്ക് ചിപ്പ് ചെയ്ത് വിട്ടു. എന്നാൽ ഇതിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡഗ്ഔട്ട് ഉൾപ്പെടെ പ്രതിഷേധം അറിയിച്ചെങ്കിലും റഫറി ഗോൾ വിധിക്കുകയായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് താരങ്ങളെ കളത്തിൽ നിന്നും തിരിച്ചു വരാൻ അഹ്വാനം ചെയ്തു. കോച്ചിന്റെ നിർദേശം അനുസരിച്ച് കെബിഎഫ്സി താരങ്ങൾ കളം വിട്ടു. മത്സരം തടസ്സപ്പെടുകയും ശേഷം 1-0ത്തിന് ബിഎഫ്സി ജയിച്ചതായി ഐഎസ്എൽ വിധിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...